കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച്; കെ. മുരളീധരൻ

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുതിർന്ന നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. പാർട്ടിയിൽ ഇപ്പോൾ ആരും ‘സിംഗിൾ ഡാൻസ്’ കളിക്കാൻ മുതിരേണ്ടെന്നും അനാവശ്യമായ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെക്കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഘനൃത്തത്തിനിടയിൽ ഒരാൾ മാത്രം മാറിനിന്ന് നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന രാഹുൽ ഗാന്ധിയുടെ മുൻപത്തെ വാക്കുകൾ ഓർമ്മിപ്പിച്ചായിരുന്നു മുരളീധരന്റെ വിമർശനം.

നിലവിൽ ഒരു നേതാവിന്റെയും പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ നിലവിലുണ്ട്. അതിന് മുൻപേ വ്യക്തികളെ ഉയർത്തിക്കാട്ടുന്നത് ശരിയായ പ്രവണതയല്ല. യുഡിഎഫ് ഒരു ടീമായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ഈ വിജയത്തിൽ വലിയ പങ്കുണ്ടെന്നും അതുകൊണ്ടുതന്നെ ഫലം വന്നശേഷം കൂട്ടായ ആലോചനയിലൂടെ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങൾ വഴിയല്ല പാർട്ടിയുടെ തീരുമാനങ്ങൾ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നാലാം തീയതി തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം. ഹൈക്കമാൻഡ് പറയുന്നതാണ് അന്തിമ തീരുമാനം. വൻ വിജയം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കി പാർട്ടിയുടെ പ്രതിച്ഛായ തകർക്കരുതെന്നും അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *