വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ; എൽപിഎസ്ടി സമരപ്പന്തലിന് സംരക്ഷണമൊരുക്കുമെന്ന് ചിന്ത ജെറോം

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുമാറ്റിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചിന്ത ജെറോം. മുഖ്യമന്ത്രിയായ ശേഷം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ വി.ഡി. സതീശന് കഴിയുന്നില്ലെന്ന് ചിന്ത ജെറോം കുറ്റപ്പെടുത്തി. സമരക്കാർക്കൊപ്പം ഏതറ്റം വരെയും പോകുമെന്നും, പൊളിച്ചുമാറ്റിയ പന്തലിന് പകരമായി ഡിവൈഎഫ്.ഐ നിർമ്മിച്ച ബദൽ സമരപ്പന്തൽ സംരക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.
സമരത്തോടുള്ള സർക്കാരിന്റെ സമീപനം ബി.ജെ.പിയുടേതിന് സമാനമാണെന്ന് എ.എ. റഹീം എം.പി ആരോപിച്ചു. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുത്തതുപോലെയാണ് പൊലീസ് പെരുമാറിയത്. ഡൽഹി ജന്തർ മന്തറിൽ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിന് സമാനമായ നടപടിയാണിതെന്നും, ബി.ജെ.പിക്ക് പ്രചാരണായുധം നൽകുന്നതാണ് കോൺഗ്രസ് സർക്കാരിന്റെ ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.



