ലൈംഗികാതിക്രമ കേസ്; കെഎസ്‌യു നേതാവ് എം.സി അതുലിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗികാതിക്രമ കേസിൽ പ്രതിയായ കണ്ണൂർ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി അതുലിന് പിന്തുണയുമായി പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ. തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് അതുൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് രാഹുൽ പിന്തുണയുമായി എത്തിയത്.
“കുമാര പിള്ള സഖാവിന്റെ കാലം കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ ശരിയും തെറ്റും കോടതി തീരുമാനിക്കട്ടെ. കോടതി തെറ്റുകാരൻ എന്ന് പറയാതെ നിന്നെ തള്ളിപ്പറയില്ല. ആരോഗ്യ മേഖലയുടെ കടയ്ക്കൽ കത്രിക വെച്ച അഭിനേത്രിയുടെ തനിനിറം തുറന്നു കാണിച്ച കണ്ണൂരിന്റെ സമരനായകൻ” എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.
മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന എം സി അതുലിന്‍റെ പോസ്റ്റിലാണ് പിന്തുണ നല്‍കികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കമന്‍റ് ചെയ്തത്. സൗഹൃദകാലത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് കേസെടുക്കുകയാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് അതുൽ ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി.



