തലസ്ഥാനത്തെ ജലക്ഷാമം! സർക്കാരിനെയും വാട്ടർ അതോറിറ്റിയെയും പ്രതിക്കൂട്ടിലാക്കി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിൽ സർക്കാരിനെയും വാട്ടർ അതോറിറ്റിയെയും പ്രതിക്കൂട്ടിലാക്കി മേയർ വി.വി. രാജേഷ്. ജനങ്ങൾ കുടിവെള്ളത്തിന് ബില്ലടയ്ക്കുന്നത് വാട്ടർ അതോറിറ്റിയിലാണെന്നും, അതിനാൽ തന്നെ പ്രശ്നപരിഹാരത്തിന് നടപടിയെടുക്കേണ്ടത് അവരാണെന്നും മേയർ പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് കാരണം വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഗുണനിലവാരമില്ലാത്ത പൈപ്പുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അരുവിക്കരയിൽ നിന്ന് 1000 ലിറ്റർ വെള്ളം പമ്പ് ചെയ്താൽ കേവലം 600 ലിറ്റർ മാത്രമാണ് നഗരത്തിലെത്തുന്നത്. ബാക്കി 400 ലിറ്ററും പഴകിയ പൈപ്പുകൾ വഴി ചോർന്നുപോകുകയാണ്. 30 വർഷം കഴിഞ്ഞാൽ പൈപ്പുകൾ മാറ്റേണ്ടതാണെന്ന് അറിഞ്ഞിട്ടും വാട്ടർ അതോറിറ്റിയോ സംസ്ഥാന സർക്കാരോ ഇതുവരെ നടപടിയെടുത്തില്ല. ജനങ്ങൾക്ക് വെള്ളമെത്തിക്കാൻ കോർപ്പറേഷൻ സ്വന്തം ഫണ്ട് ഉപയോഗിച്ച് ടാങ്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 101 വാർഡുകളിലും കൗൺസിലർമാർ വഴി പരമാവധി സേവനം നൽകുന്നുണ്ടെന്നും മേയർ വ്യക്തമാക്കി.

ശാശ്വത പരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് വലിയൊരു പ്രോജക്റ്റ് നടപ്പിലാക്കണമെന്നും ഇതിന് കുറഞ്ഞത് രണ്ട് വർഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്നതിനാലുള്ള പരിമിതികൾക്കിടയിൽ നിന്നാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നതെന്നും, കേരളത്തിൽ പുതിയ സർക്കാർ വരുമ്പോൾ വിഷയം ഗൗരവമായി അവതരിപ്പിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *