വിജയത്തിനായി വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് അഖിലേഷ് യാദവ്; കോൺഗ്രസ്–എസ്.പി സീറ്റ് ചർച്ച തുടരുന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സഖ്യത്തിന്റെ പ്രധാന ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ വിജയസാധ്യത വിലയിരുത്തിയാണ് സീറ്റ് വിഭജന ചർച്ചകൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മുതിർന്ന നേതാക്കൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു.
തിരഞ്ഞെടുപ്പിലെ നിർണായക പോരാട്ടം കണക്കിലെടുത്ത് വിട്ടുവീഴ്ചകൾക്കും പൊരുത്തപ്പെടലുകൾക്കും എസ്.പി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വിജയമാണ് ലക്ഷ്യമെങ്കിൽ അതിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ബി.ജെ.പിയെപ്പോലെ ശക്തമായ രാഷ്ട്രീയ സംവിധാനത്തെ നേരിടുമ്പോൾ കൃത്യമായ തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
കോൺഗ്രസിലെയും എസ്.പിയിലെയും മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന സീറ്റ് വിഭജന ചർച്ച രണ്ടാം ദിവസവും തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കോൺഗ്രസിൽനിന്ന് വീരേന്ദ്ര ചൗധരി, ആരാധന മിശ്ര മോന, രാജേന്ദ്ര പാൽ ഗൗതം എന്നിവരും എസ്.പിയിൽനിന്ന് രാം ഗോപാൽ യാദവ്, ശ്യാം ലാൽ പാൽ, രാജീവ് റായ്, ഇഖ്റ ഹസ്സൻ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. മണ്ഡലങ്ങൾ സംബന്ധിച്ച ധാരണയിലെത്താനുള്ള ചർച്ചകൾ തുടരുകയാണ്.



