സംവിധായകൻ സനോജ് മിശ്രക്കെതിരെ രഹസ്യമൊഴി; എറണാകുളം കോടതിയിൽ കുംഭമേള വൈറൽ താരം

കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ കുംഭമേള വൈറൽ താരമായ പെൺകുട്ടി എറണാകുളം സി.ജെ.എം കോടതിയിൽ രഹസ്യമൊഴി നൽകി. ‘മണിപ്പൂർ ഡയറി’ സിനിമയുടെ സംവിധായകനായ സനോജ് മിശ്ര മോശമായി പെരുമാറിയെന്നും, വി.എച്ച്.പി നേതാവ് അനിൽ വിളയിൽ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി നേരത്തെ എറണാകുളം സെൻട്രൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് മൊഴി രേഖപ്പെടുത്തിയത്.
പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്മേൽ കോടതിയിൽ ഹാജരായ പെൺകുട്ടി പ്രായവുമായി ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചു. വിവാഹവുമായി ബന്ധപ്പെട്ട കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, പ്രായപൂർത്തിയാകുന്നതിന് മുൻപാണ് വിവാഹം നടന്നതെന്ന ആരോപണം നുണയാണെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹവുമായി ബന്ധപ്പെട്ട കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാരോപണവും അവർ ഉന്നയിച്ചു.
പെൺകുട്ടി ഏഴാം വയസ്സിൽ എടുത്ത ആധാർ കാർഡ് അടക്കമുള്ള രേഖകൾ കോടതിയിൽ ഹാജരാക്കിയതായി അഭിഭാഷകൻ അറിയിച്ചു. വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ ഭർത്താവിനെതിരെ കേസ് എടുത്തതെന്നും അഭിഭാഷകൻ ആരോപിച്ചു.
അതേസമയം, മദ്ധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.



