മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സാംസൺ; ‘സവിശേഷമായ എന്തോ ഒന്ന് വരാനുണ്ട്’

മലയാളികളുടെ പ്രിയതാരം മോഹൻലാലിനൊപ്പമുള്ള സെൽഫി പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘സവിശേഷമായ എന്തോ ഒന്ന് വരാനുണ്ട്’ എന്ന ആകാംക്ഷ നിറച്ച കുറിപ്പോടെയാണ് ‘ടീം സാംസൺ’ എന്ന അക്കൗണ്ടിൽ ചിത്രം പങ്കുവച്ചത്. പിന്നാലെ സഞ്ജുവും ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തു.

‘എക്കാലത്തെയും മികച്ച താരമായ ലാലേട്ടനോടൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാനായത് ഒരു സൂപ്പർ സ്‌പെഷ്യൽ അനുഭവമായിരുന്നു’ എന്നാണ് സഞ്ജു കുറിച്ചത്. ഇരുവരും ഒരു വാഹനത്തിൽ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

സഞ്ജുവിന്റെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സും ചിത്രം പങ്കുവച്ചതോടെ ആരാധകർക്കിടയിൽ ആകാംക്ഷ വർധിച്ചു. മോഹൻലാലിനൊപ്പമുള്ള സഞ്ജുവിന്റെ പുതിയ പോസ്റ്റിന് പിന്നിൽ എന്താണ് ഒരുങ്ങുന്നതെന്ന ചർച്ചയിലാണ് ആരാധകർ.

അടുത്തിടെ ഒരു മത്സരശേഷം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയും സഞ്ജു മോഹൻലാലിനെ മാതൃകയാക്കിയിരുന്നു. കരിയറിൽ വ്യത്യസ്ത റോളുകളോട് പൊരുത്തപ്പെടാൻ മോഹൻലാലിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നാണ് സഞ്ജു വ്യക്തമാക്കിയത്.

ഓപ്പണറായി മികച്ച പ്രകടനം നടത്തിയതിന്റെ പേരിൽ ടോപ് ത്രീയിൽ മാത്രമായി ഒതുങ്ങേണ്ടതില്ലെന്നും ടീമിനായി വ്യത്യസ്ത റോളുകൾ ഏറ്റെടുക്കാൻ തയാറാണെന്നും സഞ്ജു പറഞ്ഞിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

ഇപ്പോൾ മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം കൂടി പുറത്തുവന്നതോടെ ഇരുവരും ചേർന്ന് എന്ത് പ്രത്യേകതയാണ് ഒരുക്കുന്നതെന്ന ആകാംക്ഷയിലാണ് ആരാധകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button