മൂന്ന് മാസം പിന്നിട്ടിട്ടും നിയമനങ്ങളിൽ അനിശ്ചിതത്വം; സതീശൻ സർക്കാരിനെതിരെ കോൺഗ്രസിലും യുഡിഎഫിലും അതൃപ്തി

തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള സുപ്രധാന നിയമനങ്ങളിൽ അനിശ്ചിതത്വം തുടരുന്നു. മന്ത്രി ബിന്ദു കൃഷ്ണ നിർദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.

സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന് മന്ത്രി മുഖ്യമന്ത്രിയോട് നിർദേശിച്ചിരുന്നു. ഇ-ഓഫീസ് വഴിയും ആവശ്യം ഉന്നയിച്ചെങ്കിലും തീരുമാനം വൈകുകയായിരുന്നു. ആവശ്യം മന്ത്രി വീണ്ടും ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ശരത്തിന് പകരം മറ്റൊരാളെ നിർദേശിക്കാൻ മന്ത്രി തയ്യാറല്ലെന്നും സൂചനയുണ്ട്.

എംഎൽഎയായിരുന്ന കാലത്ത് കെസി വേണുഗോപാലിന്റെ പിഎയായും മന്ത്രി ആയതിന് ശേഷം പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ചയാളാണ് ശരത് ചന്ദ്രൻ. കെസി വേണുഗോപാലിനും താൽപര്യമുള്ളയാളെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന നിർദേശത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി തീരുമാനമെടുക്കാത്തതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ പോലും മന്ത്രിക്ക് അധികാരമില്ലേയെന്ന ചോദ്യവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. അതേസമയം, ശരത് ചന്ദ്രനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

അതേസമയം, ബോർഡ്, കോർപ്പറേഷൻ, കമ്മീഷൻ നിയമനങ്ങളും ഇതുവരെ കാര്യമായി മുന്നോട്ടുപോയിട്ടില്ല. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിനായി രൂപീകരിക്കുമെന്ന് പറഞ്ഞ സമിതിയും നിലവിൽ വന്നിട്ടില്ല. ആദ്യ കെപിസിസി യോഗത്തിൽ തന്നെ സമിതി രൂപീകരിക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കെപിസിസി അധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ തീരുമാനം നീളുകയാണെന്നാണ് വിവരം.

സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും യാഥാർഥ്യമായിട്ടില്ല. ഘടകകക്ഷികൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ 30ന് യുഡിഎഫ് യോഗം ചേർന്നിരുന്നു. പ്രധാന നേതാക്കൾക്ക് ക്യാബിനറ്റ് പദവി ഉടൻ നൽകാനും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതിനായി ഈ മാസം മൂന്ന് മുതൽ ഉഭയകക്ഷി ചർച്ചകൾ നടത്താനും തീരുമാനിച്ചിരുന്നു.

എന്നാൽ, തീരുമാനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ഘടകകക്ഷികളുടെ പരാതി. ‘ടീം യുഡിഎഫ്’ എന്ന പ്രഖ്യാപനത്തിനിടയിലും നിയമനങ്ങൾ വൈകുന്നതിൽ ഘടകകക്ഷി നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.

സർക്കാർ അധികാരത്തിലെത്തിയ ശേഷവും ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്ത് മുൻ എൽഡിഎഫ് സർക്കാർ നിയമിച്ചവർ തന്നെ തുടരുന്നതായും യുഡിഎഫിലും കോൺഗ്രസിലും പരാതിയുണ്ട്. വിവിധ സ്ഥാനങ്ങൾ പ്രതീക്ഷിക്കുന്ന നേതാക്കളും നിയമനങ്ങൾ വൈകുന്നതിൽ നിരാശയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button