ശബരിമല സ്വർണപ്പാളി കേസ്: പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്ഐടി നോട്ടീസ്; അടുത്തയാഴ്ച ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും ദേവസ്വം ബോർഡംഗവും സിപിഎം നേതാവുമായ അജികുമാറിനും എസ്ഐടി നോട്ടീസ് നൽകി. അടുത്തയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ശബരിമല സന്നിധാനത്ത് എസ്ഐടി നാളെ പരിശോധന നടത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. 2025ൽ ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
2019ൽ ദ്വാരപാലക പാളിയും കട്ടിളപ്പാളിയും സ്വർണം പൂശുന്നതിനായി കൊണ്ടുപോയതിന്റെ സമാനമായ നടപടിയാണ് 2025ലും ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്ന് നിറം മങ്ങിയതിനെ തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ച് സ്വർണം പൂശിയിരുന്നു.
പ്രശാന്തിന്റെ കാലത്ത് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ എല്ലാ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. മിഥുനമാസ പൂജയ്ക്കായി നട തുറക്കുന്ന സമയത്ത് കൂടുതൽ സാമ്പിളുകൾ ശേഖരിക്കാനാണ് പദ്ധതി.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലാണ് പരിശോധന നടക്കുന്നത്. 2019ൽ പൂശിയ സ്വർണം പിന്നീട് ഭാഗികമായി വേർതിരിച്ചെടുത്ത് കുറഞ്ഞ അളവിൽ വീണ്ടും പൂശിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനിടയുണ്ടെന്നും സൂചനയുണ്ട്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്വർണ സാമ്പിളുകൾ അത്യാധുനിക പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടുമെന്നും അധികൃതർ അറിയിച്ചു.



