മകനുവേണ്ടി അമ്മ ഇടപെട്ടു; വിജയ് സംഗീത ബന്ധത്തിൽ പുതിയ വഴിത്തിരിവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്കിടെ പുതിയ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്.
വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഇടപെടലാണ് ഒത്തുതീർപ്പിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലായിരുന്ന സംഗീത അടുത്തിടെ ചെന്നൈയിലെത്തിയതായും വിവരമുണ്ട്. ജൂൺ 22ന് വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ, പ്രചരിക്കുന്ന വാർത്തകളോട് വിജയിയോ സംഗീതയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ, വിവാഹമോചനം ആവശ്യപ്പെട്ട് സംഗീത സ്വർണലിംഗം ചെങ്കൽപേട്ട് കുടുംബ കോടതിയെ സമീപിച്ചെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഒരു നടിയുമായുള്ള വിജയിയുടെ അടുപ്പമാണ് വിവാഹമോചന ഹർജിക്ക് കാരണമായതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. 2021 മുതൽ ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചുവെന്നാണ് ചില തമിഴ് മാധ്യമങ്ങൾ അവകാശപ്പെടുന്നത്.
1996ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാകെ’ എന്ന ചിത്രം കണ്ടാണ് സംഗീത വിജയിയുടെ ആരാധികയായത്. തുടർന്ന് ലണ്ടനിൽ നിന്ന് ചെന്നൈയിലെത്തി വിജയിയെ നേരിൽ കാണുകയും, പഠനകാലത്ത് സ്ഥിരമായി കത്തുകളിലൂടെ ആശയവിനിമയം നടത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സൗഹൃദം പിന്നീട് പ്രണയമായി മാറി, കുടുംബങ്ങളുടെ സമ്മതത്തോടെ 1999 ഓഗസ്റ്റിൽ ഇരുവരും വിവാഹിതരായി.
ഒരുകാലത്ത് പ്രധാന പൊതുപരിപാടികളിൽ വിജയിക്കൊപ്പം സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്ന സംഗീത, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്നു. ടി.വി.കെ പരിപാടികളിൽ വിജയിയുടെ മാതാപിതാക്കൾ പങ്കെടുത്തപ്പോഴും സംഗീതയും മക്കളും എത്തിയിരുന്നില്ല. ഇതോടെയാണ് ഇരുവരും അകന്നുകഴിയുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്.



