‘പ്രിയദർശിനി’യ്ക്ക് ഒരുങ്ങി കെഎസ്ആർടിസി; വനിതകളുടെ സൗജന്യയാത്രയ്ക്ക് പ്രത്യേക സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്കായി പ്രത്യേക സർക്കുലർ പുറത്തിറക്കി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും യാത്രക്കാരുടെ കണക്കെടുപ്പിനുമായി പാലിക്കേണ്ട നിർദേശങ്ങളാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കുലർ പ്രകാരം, പദ്ധതി നടപ്പാക്കുന്ന ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിക്കണം. സൗജന്യമായി യാത്ര ചെയ്യുന്നവർക്ക് കണ്ടക്ടർ നൽകുന്ന സീറോ ടിക്കറ്റിൽ യാത്ര ആരംഭിച്ച സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തണം. അധിക ലഗേജുകൾ ഉണ്ടെങ്കിൽ നിലവിലുള്ള ചട്ടപ്രകാരം ചാർജ് ഈടാക്കണമെന്നും നിർദേശമുണ്ട്. സൗജന്യ യാത്ര അനുവദിക്കാത്ത ബസുകളിൽ കയറുന്ന സ്ത്രീകളെ ഇക്കാര്യം മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായമോ സംസ്ഥാനമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രത്യേക രജിസ്‌ട്രേഷനോ കാർഡുകളോ മറ്റ് രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് സീറോ ടിക്കറ്റ് കൈപ്പറ്റിയാൽ മതി. ഓരോ യാത്രയുടെയും കൃത്യമായ രേഖ സൂക്ഷിച്ച് സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സൗജന്യ യാത്രാ പദ്ധതിമൂലം കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിക്കുള്ള തുക കെഎസ്ആർടിസിക്ക് എങ്ങനെ ലഭ്യമാക്കുമെന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാരിന്റെ ഗ്യാരന്റിയിൽ ബാങ്കുകൾ കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കുന്ന രീതിയിലാകും തുക ലഭ്യമാക്കുക. തുടർന്ന് ഓരോ മാസാവസാനത്തിലും സർക്കാർ പലിശയും മുതലും ഉൾപ്പെടെ ബാങ്കുകൾക്ക് തുക തിരിച്ചടയ്ക്കുന്ന സ്ഥിരം സംവിധാനം ഒരുക്കാനാണ് നീക്കം. ഇതുസംബന്ധിച്ചുള്ള ബാങ്കുകളുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.
ജൂൺ 15ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ‘പ്രിയദർശിനി’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സർവീസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ഉദ്ഘാടന യാത്രയുടെ ഭാഗമായി കുറച്ചുദൂരം ബസിൽ സഞ്ചരിക്കുമെന്നും, രാവിലെ 9 മണിക്ക് സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.


