പ്രണയബന്ധം കൊലപാതകത്തിൽ കലാശിച്ചു; യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതായി പൊലീസ്

ചിറ്റൂർ: മുൻകൂട്ടി ആസൂത്രണം ചെയ്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പടെ നാല് പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 19 കാരിയായ ഹസിനിയും കാമുകൻ യുഗന്ധറും ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്.
അമാവാസി ദിനത്തിൽ ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഡിജിറ്റൽ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷൻ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മണിക്കൂറുകൾക്കകം കേസ് തെളിയിച്ചതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട് സ്വദേശിയായ രമേശും (23) ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ഹസിനിയും (19) രണ്ട് വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഒരു പെൺകുഞ്ഞുണ്ട്. വിവാഹജീവിതം സാധാരണനിലയിലാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ.
എന്നാൽ, വിവാഹശേഷവും യുവതി ബാല്യകാല സുഹൃത്തായ യുഗന്ധറുമായി (20) ബന്ധം തുടർന്നിരുന്നെന്നും ഇരുവരും ചേർന്ന് രമേശിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.അമാവാസി ദിനത്തിൽ ഗുടുപള്ളി മണ്ഡലത്തിലെ മല്ലപ്പകൊണ്ട കുന്നിന് മുകളിലുള്ള ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് പോകാൻ ഹസിനി രമേശിനെ നിർബന്ധിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്.
മകളെയും കൂട്ടി ബൈക്കിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബസിനി തന്റെ ലൈവ് ലൊക്കേഷൻ കൃത്യമായി സുഗന്ധറുമായി പങ്കിട്ടു.ക്ഷേത്രത്തിലേക്കുള്ള മലമ്പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപത്തുവച്ചാണ് കൊലപാതകം നടന്നത്. ഈ ഭാഗത്തെത്തിയപ്പോൾ ഹസിനി ബോധപൂർവ്വം തന്റെ ഹാൻഡ് ബാഗ് താഴെ വീഴ്ത്തി.
അതെടുക്കുന്നതിനായി രമേശ് ബൈക്ക് നിർത്തിയതോടെ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും പുറത്തുവന്ന് രമേശിനെ ആക്രമിച്ചതെന്നാണ് വിവരം. പ്രാണരക്ഷാർത്ഥം സമീപത്തെ വനമേഖലയിലേക്ക് 100 മീറ്ററോളം ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ അക്രമികൾ രമേശിനെ വെട്ടിക്കൊല്ലുകയായിരുന്നു. മകളുടെ കൺമുന്നിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
ഹസിനയും മകളും വീട്ടിൽ തിരിച്ച് എത്താതിനെത്തുടർന്ന് യുവതിയുടെ അമ്മ പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. രമേശ് ഭാര്യയെയും മകളെയും കൂട്ടി ബൈക്കിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം ഇതേ ബൈക്കിൽ യുവതിയും
കുഞ്ഞും മറ്റ് രണ്ട് യുവാക്കൾക്കൊപ്പം മടങ്ങുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ വിശദമായ തെരച്ചിലിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തത്.അതേസമയം, വിവാഹസമയത്ത് ഹസിനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നെന്നുമാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. ഇക്കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.



