ഇംഗ്ലണ്ടിനെയും വീഴ്ത്തി അർജന്റീന; ‘മോൺസ്റ്റർ മെന്റാലിറ്റി’ വീണ്ടും തെളിഞ്ഞു

അറ്റ്‌ലാന്റ: ലോകകപ്പ് ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ചരിത്രമുണ്ട് നോക്കൗട്ടിലെത്തിയാല്‍ അര്‍ജന്റീനയ്ക്ക്. സെമിഫൈനലില്‍ എത്തിയാല്‍ പിന്നെ ഫൈനല്‍ കളിക്കാതെ മടങ്ങില്ല എന്നതാണ് അത്. ആ പതിവിന് ഈ ലോകകപ്പിലും മാറ്റമുണ്ടായില്ല. തോറ്റെന്ന് കടുത്ത ആരാധകര്‍ പോലും ഉറപ്പിച്ച ഘട്ടത്തിലാണ് രണ്ടാം സെമിയില്‍ ഇരട്ട ഗോള്‍ പ്രഹരമേല്‍പ്പിച്ച് അര്‍ജന്റീന ഇംഗ്ലണ്ടിനെ തകര്‍ത്തത്.

ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഈ പതിവ് സെമിയിലും തുടരുകയായിരുന്നു. കാബോ വെര്‍ദെ, ഈജിപ്ത്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരെയെല്ലാം അര്‍ജന്റീന സമാനമായ പ്രകടനം കാഴ്ചവച്ചിരുന്നു. എത്ര ഗോളിന് പിന്നില്‍ നിന്നാലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത സ്വഭാവസവിശേഷതയാണ് ശക്തരായ ഇംഗ്ലണ്ടിനെതിരെയും അര്‍ജന്റീന പുറത്തെടുത്തത്. ടീമിന്റെ ഈ സവിശേഷതയെ ‘മോണ്‍സ്റ്റര്‍ മെന്റാലിറ്റി’ എന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരും മുന്‍ താരങ്ങളും ആരാധകരും വിശേഷിപ്പിക്കുന്നത്.

അതുപോലെ തന്നെ സെമി ഫൈനലില്‍ തോല്‍വി വഴങ്ങിയിട്ടില്ലെന്ന പതിവും അര്‍ജന്റീന തുടര്‍ന്നു. ഫുട് ബോള്‍ ലോകകപ്പില്‍ ആറ് തവണ അര്‍ജന്റീന ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണ കിരീടം നാട്ടിലെത്തിച്ചപ്പോള്‍ മൂന്ന് തവണ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ആല്‍ബിസെലസ്റ്റുകള്‍ക്ക്. എന്നാല്‍ ആറ് തവണ ഫൈനലില്‍ എത്തിയതില്‍ ഒരിക്കല്‍പ്പോലും അവര്‍ക്ക് സെമിയില്‍ കാലിടറിയിട്ടില്ല. 1930ലെ ആദ്യ ലോകകപ്പ് മുതല്‍ 2022 ഖത്തര്‍ ലോകകപ്പ് വരെയും ഇതാണ് അര്‍ജന്റീനയുടെ ചരിത്രം. ആ ചരിത്രം അമേരിക്കന്‍ ഐക്യനാടുകളിലും തുടരുകയാണ്.

1930ലെ ആദ്യ ലോകകപ്പില്‍ 6-1ന് അമേരിക്കയെ സെമിയില്‍ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിന് യോഗ്യത നേടിയത്. 1986ല്‍ അവര്‍ ജേതാക്കളായ ലോകകപ്പിന്റെ സെമിയില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിനെത്തിയത്. 1990ല്‍ സെമിയില്‍ ഇറ്റലിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി.

2014ല്‍ വീണ്ടും ഷൂട്ടൗട്ടിലേക്ക് നീണ്ട മറ്റൊരു സെമിയില്‍ നെതര്‍ലാന്‍ഡ്സിനെ വീഴ്ത്തിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. 2022ല്‍ മൂന്നാം ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ 3-0ന് ക്രൊയേഷ്യയെ ആണ് സെമിയില്‍ തോല്‍പ്പിച്ചത്. 1978ല്‍ അര്‍ജന്റീന ലോകകപ്പ് നേടിയ വര്‍ഷം സെമി പോരാട്ടങ്ങള്‍ ഇല്ലായിരുന്നു. അന്ന് രണ്ടാം ഗ്രൂപ്പിലെ ജേതാക്കളായിട്ടാണ് അര്‍ജന്റീന കലാശപ്പോരിന് യോഗ്യത നേടിയതും ആദ്യ വിശ്വകിരീടം ഉയര്‍ത്തിയതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button