മരത്തിൽ എഴുതിയ പാർക്കിങ് നിർദേശം; സാങ്കേതിക സർവകലാശാലയുടെ സംവിധാനത്തിനെതിരെ വിമർശനം

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല (KTU) ആസ്ഥാനത്തെ പാർക്കിങ് സംവിധാനത്തിനെതിരെ വിമർശനം ഉയരുന്നു. വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന നിർദേശം വ്യക്തമായ സൈൻബോർഡുകളിലോ ദിശാസൂചികകളിലോ പ്രദർശിപ്പിക്കുന്നതിന് പകരം മരത്തിൽ എഴുതിവെച്ചിരിക്കുന്നതാണ് സന്ദർശകരുടെ പരാതിക്ക് ഇടയാക്കുന്നത്.
പുറത്തുനിന്ന് എത്തുന്ന സന്ദർശകരും അതിഥികളും ഈ നിർദേശം ശ്രദ്ധിക്കാതെ പോർട്ടിക്കോ വരെ വാഹനം എത്തിക്കുമ്പോൾ സുരക്ഷാ ജീവനക്കാരുടെ ശകാരവും അനാവശ്യ അസൗകര്യവും നേരിടേണ്ടിവരുന്നതായി പരാതിയുണ്ട്.അതേസമയം, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വാഹനങ്ങൾക്ക് കെട്ടിടത്തിന് സമീപം പ്രവേശിക്കാനും പാർക്ക് ചെയ്യാനും സൗകര്യമുണ്ടെന്നും, എന്നാൽ പൊതുജനങ്ങൾക്കും ആവശ്യവുമായി എത്തുന്ന സാധാരണ സന്ദർശകർക്കുമാണ് കൂടുതൽ നിയന്ത്രണങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നതെന്നുമാണ് ഉയരുന്ന വിമർശനം.
ഒരു പൊതുസ്ഥാപനമെന്ന നിലയിൽ സന്ദർശക സൗഹൃദ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതിനുപകരം ഇത്തരം രീതികൾ തുടരുന്നത് അനുചിതമാണെന്നാണ് അഭിപ്രായം. വ്യക്തവും എളുപ്പത്തിൽ കാണാനാകുന്നതുമായ പാർക്കിങ് സൈൻബോർഡുകളും ദിശാസൂചികകളും സ്ഥാപിച്ച് സന്ദർശകർക്ക് ആശയക്കുഴപ്പമില്ലാത്ത സംവിധാനം ഒരുക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.



