കെ.എഫ്.സിയിൽ കൂട്ടസ്ഥലം മാറ്റ വിവാദം; രാഷ്ട്രീയ പ്രതികാരമെന്ന് ആരോപിച്ച് ജീവനക്കാർ പ്രതിഷേധത്തിലേക്ക്

തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) നടപ്പാക്കിയ കൂട്ടസ്ഥലം മാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലേക്ക്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റരുതെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് നടപടിയെന്നാണ് സംഘടനകളുടെ ആരോപണം.
വനിതാ ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് യാതൊരു വ്യക്തമായ കാരണവും ചൂണ്ടിക്കാണിക്കാതെയാണ് സ്ഥലംമാറ്റം നൽകിയതെന്നും, ഇത് പൂർണമായും രാഷ്ട്രീയ പ്രേരിതവും പ്രതികാരബുദ്ധിയോടെയുള്ളതുമായ നടപടിയാണെന്നും കെ.എഫ്.സി എംപ്ലോയീസ് അസോസിയേഷനും (കെ.എഫ്.സി.ഇ.എ) കെ.എഫ്.സി ഓഫീസേഴ്സ് അസോസിയേഷനും (കെ.എഫ്.സി.ഒ.എ) സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തന മികവ് തകർക്കാനും ജീവനക്കാരുടെ മനോവീര്യം കെടുത്താനുമാണ് ഇത്തരം നടപടികൾ വഴിവെക്കുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. അനധികൃതവും അകാരണവുമായ സ്ഥലംമാറ്റ ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 12-ന് കെ.എഫ്.സി ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
കെ.എഫ്.സി.ഇ.എ സംസ്ഥാന പ്രസിഡന്റ് ക്ലൈനസ് റൊസാരിയോ ധർണ ഉദ്ഘാടനം ചെയ്യും. കെ.എഫ്.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി.കെ. മുരളി പ്രതിഷേധ പരിപാടിയെ അഭിവാദ്യം ചെയ്ത് സംസാരിക്കും. ജീവനക്കാരെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ലക്ഷ്യമിടുന്ന നടപടികൾ തുടർന്നാൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.



