ബിജെപി കൗൺസിലർ ജയിലിലേക്ക്; പൊലീസ് അതിക്രമ ആരോപണവുമായി ഭാര്യ രംഗത്ത്

തിരുവനന്തപുരം: വധശ്രമക്കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. അറസ്റ്റ് നടപടിക്കിടെ പൊലീസിനെ ആക്രമിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വാഴോട്ടുകോണം കൗൺസിലറായ സുഗതനെ ഇന്നലെ അർദ്ധരാത്രിയോടെ വീടുവളഞ്ഞ് നടത്തിയ നാടകീയ നീക്കത്തിലൂടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാൾ വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ നടന്ന കൊലപാതകശ്രമക്കേസിൽ പ്രതിയാണെന്നും, ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

അറസ്റ്റിനിടെ സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്താണ് സാഹചര്യം നിയന്ത്രിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സുഗതന്റെ അനുയായികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

അതേസമയം, അറസ്റ്റിനിടെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. വീട്ടിൽ വനിതാ പൊലീസ് ഇല്ലാതെയാണ് സംഘം എത്തിയതെന്നും, കുട്ടികളെ ഭയപ്പെടുത്തി അതിക്രമം നടത്തിയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. താലിമാല പൊട്ടിച്ചെടുത്തതും തന്നെ മർദ്ദിച്ചതുമാണെന്ന് അവർ ആരോപിച്ചു.

എന്നാൽ, ഈ ആരോപണങ്ങൾ പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കൗൺസിലറുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റതായും, സംഭവത്തിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് വ്യക്തമാക്കി. ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ എസിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button