രത്തൻ ഖേൽക്കർ വിവാദം; 102 സീറ്റ് വാദം തള്ളി വി.ഡി. സതീശൻ, ‘ഇത് തമാശ’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ തിരഞ്ഞെടുത്തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് വി ഡി സതീശൻ. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ ഖേൽക്കറാണോ എന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ.

ചീഫ് ഇലക്ടറൽ ഓഫീസറെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാണെന്നും, തിരഞ്ഞെടുപ്പിന് ശേഷം ആ പദവി വഹിച്ച ഉദ്യോഗസ്ഥർ മറ്റ് സർവീസുകളിൽ തുടരുന്നതിൽ അസാധാരണമൊന്നുമില്ലെന്നും സതീശൻ പറഞ്ഞു. മുൻ ചീഫ് ഇലക്ടറൽ ഓഫീസർ നളിനി നെറ്റോ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അവിടെയുണ്ടായ വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ഇവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രത്തൻ ഖേൽക്കർ യുഡിഎഫിനെ ജയിപ്പിച്ചതാണെന്ന വാദം തമാശയാണെന്നും, അദ്ദേഹം ഒരു കാര്യക്ഷമ ഉദ്യോഗസ്ഥനാണെന്നതിനാലാണ് തന്റെ ഓഫീസിൽ നിയമിച്ചതെന്നും സതീശൻ വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ടെന്നും, “ജയിച്ചതിന് ശേഷം കേൾക്കുന്ന ആദ്യ തമാശയാണ് ഇതു” എന്നും സതീശൻ പ്രതികരിച്ചു.

അതേസമയം, പര്യത്തുകാവ് ഒഴിപ്പിക്കൽ വിഷയത്തിലും പ്രതികരണം ഉണ്ടായി. കോടതി വിധിപ്രകാരം ഒഴിപ്പിക്കൽ അനിവാര്യമെങ്കിൽ ബാധിത കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പൊലീസ് ഒഴിപ്പിക്കാനെത്തിയ സംഭവവും മുൻകാല നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button