ഗുരുവായൂർ ദർശന വിവാദം; ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി, ടിക്കറ്റെടുത്ത് നിയമാനുസൃത സന്ദർശനമെന്ന് വിശദീകരണം

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ വി.ഐ.പി ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും വി.ഐ.പി ദർശനം നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് ഉണ്ടായിരുന്നതെന്നും എല്ലാവരും 1000 രൂപയുടെ നെയ് വിളക്ക് ടിക്കറ്റ് എടുത്താണ് ക്ഷേത്രദർശനം നടത്തിയതെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും, ഇനി ക്ഷേത്രത്തിൽ പോകരുതെന്ന് വരെ ചിലർ പറയരുതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ഞായറാഴ്ച വി.ഐ.പി ദർശനം പാടില്ലെന്ന ഹൈക്കോടതി നിർദേശമുള്ള സാഹചര്യത്തിൽ നടന്ന സന്ദർശനം പരിശോധിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ദർശനം നിയമാനുസൃതമാണോയെന്ന് വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ദർശനം നിയമപ്രകാരമാണെന്ന് വ്യക്തമാക്കിയിരുന്നു. നെയ് വിളക്ക് ശീട്ടാക്കിയാണ് ക്ഷേത്ര പ്രവേശനം നടന്നതെന്നും ഭക്തരുടെ ദർശനം തടസ്സപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഗുരുവായൂരിലെത്തിയത്. കിഴക്കേനടയിൽ വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ച ശേഷം ക്ഷേത്രദർശനം നടത്തിയതോടെയാണ് വിവാദം ഉയർന്നത്. ഇടത് പ്രൊഫൈലുകൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തിയിരുന്നു.
പായസം കൊണ്ടുപോകുന്നതിനിടെ ഭക്തർക്ക് ഒപ്പം ഏകദേശം 15 മിനിറ്റോളം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയതെന്നും ദേവസ്വം അധികൃതർ അറിയിച്ചു. ചടങ്ങിൽ നിരവധി മന്ത്രിമാരും പങ്കെടുത്തിരുന്നു.



