പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നവംബർ വരെ നീട്ടി; ആയിരങ്ങൾക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിച്ച് പി.എസ്.സി. മേയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കുന്ന 289 റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്. ഇതോടെ 30,845 ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി.

ഇന്ന് ചേർന്ന പി.എസ്.സി യോഗത്തിലാണ് നിർണായക തീരുമാനം. സർക്കാർ ശുപാർശ അംഗീകരിക്കുമോയെന്ന ആശങ്കകൾക്കിടയിലും തീരുമാനം അനുകൂലമായത് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമായി മാറി.

പുതിയ ഉത്തരവുപ്രകാരം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഉള്ള നിരവധി റാങ്ക് ലിസ്റ്റുകൾക്ക് നാല് മാസം വരെ അധികകാലാവധി ലഭിക്കും. കോളജ് അസിസ്റ്റന്റ് പ്രൊഫസർ, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസ് അസിസ്റ്റന്റ്, സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങിയ പ്രധാന തസ്തികകളിലെ ലിസ്റ്റുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

ലിസ്റ്റ് കാലാവധി നീട്ടിയതോടെ നിയമന പ്രതീക്ഷയിൽ കഴിയുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് നേരിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. അഡ്വൈസ് മെമ്മോ ലഭിക്കാതെ കാലാവധി അവസാനിക്കുമെന്ന ആശങ്കയ്ക്കാണ് ഇതോടെ താൽക്കാലിക പരിഹാരമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button