എമ്പുരാൻ കാണുമെന്ന് രാജീവ് ചന്ദ്രശേഖർ, ഭീകരസംഘടനകളെ വെള്ളപൂശുന്നെന്ന് പി രഘുനാഥ്

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടിലൊരുക്കിയ ബ്രഹ്‌മാണ്ഡചിത്രം എമ്പുരാൻ ഇന്നലെ റിലീസിന് പിന്നാലെ വലിയ ചർച്ചയായി. 2002 ഗുജറാത്ത് നരഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിലുണ്ടെന്ന് പുറത്തുവന്നതോടെ എമ്പുരാനെതിരെ ആർഎസ്എസ്-സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് സോഷ്യൽമീഡിയയിൽ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകർ വിമർശിച്ചതോടെ ചിത്രം എന്തായാലും കാണുമെന്ന് മറ്റ് രാഷ്‌ട്രീയ കക്ഷികളിൽ പെട്ടവരും അഭിപ്രായപ്പെടുന്നുണ്ട്.

ഇതിനിടെ ചിത്രത്തെ കുറിച്ച് സംസ്ഥാന ബിജെപിയിൽ ഏകാഭിപ്രായമില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. ചിത്രം കാണുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. റിലീസിന് മുൻപായിരുന്നു രാജീവിന്റെ പ്രതികരണം. ‘മോഹൻലാൽ-പൃഥ്വിരാജ്‌ ടീമിന് ആശംസകൾ. വരുംദിനങ്ങളിൽ ഞാനും എമ്പുരാൻ കാണുന്നുണ്ട്.’ രാജീവ്‌ ചന്ദ്രശേഖർ ഫേസ്‌ബുക്കിൽ പ്രതികരിച്ചു. അതേസമയം ചിത്രം ശുദ്ധ അസംബന്ധവും ഭീകരസംഘടനകളെ വെള്ളപൂശാനുള്ളതുമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് ശക്തമായി പ്രതികരിച്ചു.

മുതിർന്ന ആർഎസ്‌എസ് നേതാവായ ജെ നന്ദകുമാർ ‘വാരിയംകുന്നനായി എമ്പുരാൻ, അലങ്കാരം ഉപമയോ ഉൽപ്രേക്ഷയോ?’ എന്ന് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അതേസമയം സിനിമയെ സിനിമയായി കണ്ടാൽ മതിയെന്നും സിനിമയെ ആശ്രയിച്ചാണോ സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ചോദിച്ചു. ഇഷ്‌ടമുള്ളവർക്ക് കാണാമെന്നും, കാണാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എമ്പുരാൻ ഹിറ്റാകുമെന്ന് ഉറപ്പായി എന്ന് ബിജെപി നേതൃത്വത്തെ വിമർശിച്ച് പോസ്റ്റ് ചെയ്യുകയുമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *