ജയിൽ മോചിതനായി ആർ. സുഗതൻ; സ്വീകരിക്കാനെത്തി സുരേഷ് ഗോപിയും ബിജെപി പ്രവർത്തകരും

തൃശൂർ: കാപ്പ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതോടെ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ സുഗതൻ ജയിൽമോചിതനായി. തൃശൂർ വിയ്യൂർ ജയിലിൽ നിന്നും പുറത്തിറക്കിയ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എത്തി. അദ്ദേഹത്തെ കാത്ത് കുടുംബവും ജയിലിന് പുറത്തുണ്ടായിരുന്നു. ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ഷാൾ അണിയിച്ച് സുഗതനെ സ്വീകരിച്ചു.

ഒപ്പം നിന്ന സംഘടനയ്ക്കും പ്രവർത്തകർക്കും സുഗതൻ നന്ദി പറഞ്ഞു. നാലുമാസത്തോളം തന്റെ വാർഡും കുടുംബവും പാർട്ടിയാണ് നോക്കിയതെന്ന് സുഗതൻ പറഞ്ഞു. പൊലീസ് വിചാരിച്ചാൽ ഇത്രകാലം ജയിലിൽ കിടക്കാമെന്നതിന്റെ തെളിവാണ് താൻ. ജനങ്ങൾക്കായേ പ്രവർത്തിച്ചിട്ടുള്ളെന്നും സംഘടനയ്‌ക്കും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നതെന്നും സുഗതൻ പറഞ്ഞു.’ഇനിയും ജയിലിൽ കിടക്കാൻ തയ്യാറാണ്. വട്ടിയൂർക്കാവ് ജംഗ്‌‌ഷൻ വികസനം നടക്കണം. ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎയാണ് ഇപ്പോഴവിടെയുള്ളത്.

അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിഞ്ഞത്. ഇല്ലെങ്കിൽ ഇനിയും സമരം ചെയ്യേണ്ടിവരും.’-ജയിൽ മോചിതനായ സുഗതൻ പ്രതികരിച്ചു. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി വൈകുന്നേരത്തോടെയാണ് റദ്ദാക്കിയത്. ഭാര്യ നൽകിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. സുഗതന്റെ തടവ് കോർപ്പറേഷനിലെ ഭരണക്ഷിയായ ബിജെപിക്ക് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. കോടതി നടപടി ബിജെപിക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button