ഭൂതകാലവും ദൃഢവും തന്റെ കഥകളെന്ന് ആർ. ശ്രീലേഖ; സിനിമകൾക്കെതിരെ ആരോപണം

ഷെയ്ൻ നിഗം നായകനായ ‘ഭൂതകാലം’, ‘ദൃഢം’ എന്നീ സിനിമകൾക്കെതിരെ കഥാ മോഷണ ആരോപണവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും മുൻ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ആരോപണം ഉന്നയിച്ചത്.
അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്ത ‘ദൃഢം’ എന്ന പോലീസ് ത്രില്ലർ ചിത്രം കണ്ടപ്പോൾ, വർഷങ്ങൾക്ക് മുമ്പ് താൻ എഴുതിയ ‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ എന്ന കഥയുമായി സിനിമയ്ക്ക് ശക്തമായ സാമ്യമുണ്ടെന്ന് തോന്നിയതായും, അത് മോഷണമാണ് എന്ന് പറയുന്നതിൽ തെറ്റില്ലെന്നും ശ്രീലേഖ പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയുടെ ഓഡിയോ പതിപ്പിന്റെ യൂട്യൂബ് ലിങ്കും അവർ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഇതേസമയം, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രവും തന്റെ യഥാർത്ഥ അനുഭവകഥയായ ‘ഭൂതഭവനം’ എന്ന കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണെന്ന് അവർ ആരോപിക്കുന്നു. മൂന്ന് വർഷം മുമ്പ് യൂട്യൂബിലൂടെ പങ്കുവെച്ച അനുഭവകഥയാണ് സിനിമയായി മാറിയതെന്നും, തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു.
സിനിമകളെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തുമ്പോഴും, നടൻ ഷെയ്ൻ നിഗത്തോടുള്ള വ്യക്തിപരമായ ഇഷ്ടവും അവർ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണെന്നും, തന്റെ പരിചയത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സ്വഭാവവുമായി ഷെയ്‌നിന് സാമ്യമുണ്ടെന്നും ശ്രീലേഖ പറയുന്നു.
ഇരു ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



