ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിടുമെന്ന് പി.വി. അൻവർ

എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തിൽ യൂ ഡി എഫ് പരാജയപ്പെട്ടാൽ താൻ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കുമെന്നും, സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയ്യാറുണ്ടോ എന്നും അൻവർ ചോദിച്ചു.
ഭരണത്തിലും പാർട്ടിയിലും മുഹമ്മദ് റിയാസ് പുലർത്തുന്ന അപ്രമാദിത്വത്തിൽ സിപിഐഎം പ്രവർത്തകർക്കിടയിൽ വലിയ അമർഷമുണ്ട്. കോഴിക്കോട് ജില്ലയിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുന്നത് റിയാസ് കാരണമാണ് അന്‍വര്‍ പറഞ്ഞു. റിയാസിന്റെ ശൈലിയിൽ പ്രതിഷേധിച്ച് ബേപ്പൂരിലെ പ്രചാരണ പരിപാടികളിൽ നിന്ന് സിപിഐഎം പ്രവർത്തകർ പോലും വിട്ടുനിന്നതായി അൻവർ ആരോപിച്ചു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗം ആഞ്ഞടിച്ചു. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് എതിരായെന്നും സിപിഐഎം വോട്ടുകൾ വ്യാപകമായി ചോർന്നെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, എക്സിറ്റ് പോളുകൾതെറ്റിയ ചരിത്രമുണ്ടെന്നും യഥാർത്ഥ ഫലം ജൂൺ നാലിന് അറിയാമെന്നും റിയാസ് പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. സ്ത്രീ വോട്ടർമാർ ഉൾപ്പെടെയുള്ള ജനവിഭാഗം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും മന്ത്രി വ്യക്തമാക്കി.



