ശബരിമല നെയ്യ് ക്രമക്കേട്; വ്യാജരേഖ ചമച്ച് പണം തട്ടിയ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ!

പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾകൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്. ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരൻ കൂടിയാണ് ഇയാൾ. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജ രേഖ ഉണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
നേരത്തേ പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയലാലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നെയ്യ് ക്രമക്കേടിലൂടെ ട്രാൻസ്പോർട്ട് കരാറുകാരനായ ബിനു ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മണ്ഡല – മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്കാണ് ഇവർ മറിച്ചുവിറ്റത്. പകരം, ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് സന്നിധാനത്ത് എത്തിച്ചതെന്നും കണ്ടെത്തി. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്.



