എക്സിറ്റ് പോൾ തള്ളി വെള്ളാപ്പള്ളി നടേശൻ: എൽഡിഎഫ് തുടർച്ചയെന്ന് പ്രവചനം, യുഡിഎഫിനെതിരെ രൂക്ഷ വിമർശനം

എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളഞ്ഞും യുഡിഎഫിനെ രൂക്ഷമായി വിമർശിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. ഇടതുപക്ഷം വീണ്ടും വരണമെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് മുസ്ലിം ലീഗ് ആധിപത്യമായിരിക്കും ഉണ്ടാകുകയെന്ന് വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി.

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പറയാൻ ലീഗിന് അവകാശമില്ല. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. യുഡിഎഫ് ഭരണത്തിൽ വന്നാൽ ലീഗ് തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഇത് മതാധിപത്യത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഹോമവും തുലാഭാരവും നടത്തി പരവശരായി നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില പോരായ്മകളുണ്ടായതായും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പത്ത് വർഷം ഭരണത്തിലിരുന്നപ്പോൾ സിപിഎം അണികൾ താഴെത്തട്ടിൽ സജീവമായിരുന്നില്ല.

ആലപ്പുഴ ഉൾപ്പെടെയുള്ള ഇടങ്ങളിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയം പാളിയപ്പോൾ യുഡിഎഫ് മികച്ച സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ശുദ്ധനാണെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് ശരിയല്ലെന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം ശ്രദ്ധേയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി പിടിക്കുന്ന വോട്ടുകൾ ഇരുമുന്നണികൾക്കും തിരിച്ചടിയാകും. മുസ്ലിം ലീഗിനെ വിമർശിക്കുമ്പോൾ അത് സമുദായത്തെ വിമർശിക്കുന്നതായി ചിത്രീകരിക്കുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ലീഗിന്റെ രാജ്യമല്ലെന്നും ജനാധിപത്യം നിലനിൽക്കാൻ ഇടതുപക്ഷം വിജയിക്കേണ്ടത് അനിവാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *