ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു; രാഹുലിനൊപ്പം പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ന്യഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം മൂന്നാംദിവസവും ശക്തമായി തുടരുന്നു, പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് രാജ്ഘട്ടിലെത്തി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാരെ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്താനും പ്രാർത്ഥനയ്ക്കും പൊലീസ് അനുവദിച്ചിട്ടുണ്ട്. അതേസമയം പാർട്ടി പ്രവർത്തകരെ അകത്തേക്ക് കടത്തിവിട്ടിട്ടില്ല, രാജ്ഘട്ടിൽ സമാധാനപരപമായ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ അറിയിച്ചിരുന്നു.
ഖാർഗെ ഡൽഹി കൊണാട്ട് പ്ലേസിലെ മോറ്റ്സ് റസ്റ്റാറന്റിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷം മൂന്നു ബസുകളിലായാണ് എം.പിമാർ രാജ്ഘട്ടിലെത്തിയത്. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും ആരെയും തടഞ്ഞില്ല. ഇന്ത്യ സഖ്യത്തിന് പിന്തുണയുമായി ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹിയിൽ എത്തിയിട്ടുണ്ട്.
ഇതിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനുള്ള ശ്രമവും ഇന്ത്യ സഖ്യം നേതാക്കൾ നടത്തുന്നുണ്ട്.ഗ്യാനേഷ് കുമാറിന്റെ രാജിയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. വോട്ടർ പട്ടികയിൽ നടത്തിയ പ്രത്യേക തീവ്ര പരിശോധനയിലൂടെ വൻതോതിൽ പേരുകൾ നീക്കം ചെയ്തതായും പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്കും പിന്നീട് ജന്തർ മന്തറിലേക്കും നടത്തിയ പ്രതിഷേധ മാർച്ചുകൾ പൊലീസ് തടഞ്ഞിരുന്നു.



