ഗാർഹിക പീഡനം തടയാൻ കേരള പൊലീസിന്റെ ‘സ്‌പീക്ക് അപ്പ്’; പ്രത്യേക ദൗത്യസേന രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗാർഹിക പീഡനം തടയുന്നതിനായി കേരള പൊലീസ് ‘സ്‌പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഐജി അജിത ബീഗത്തിനാണ് ദൗത്യസേനയുടെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കി.
ഗാർഹിക പീഡനം തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിംഗും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന മാർഗങ്ങൾക്കുള്ള പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് ‘സ്‌പീക്ക് അപ്പി’ന്റെ പ്രധാന ലക്ഷ്യങ്ങൾ.
പീഡനത്തിനിരയായിട്ടും വിവിധ കാരണങ്ങളാൽ പരാതി നൽകാൻ കഴിയാത്ത സ്ത്രീകൾക്ക് സഹായം തേടാനുള്ള സംവിധാനവും ദൗത്യസേനയിലൂടെ ഒരുക്കും. പരാതി എങ്ങനെ നൽകണം, ലഭ്യമായ നിയമസഹായങ്ങൾ എന്തൊക്കെയാണ്, തുടർനടപടികൾ എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളിൽ പരാതിക്കാർക്ക് ആവശ്യമായ മാർഗനിർദേശം നൽകും.
ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികൾ പങ്കുവയ്ക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ മുൻഗണന നൽകുമെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവർത്തനം.
‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമായി’ എന്ന സന്ദേശമാണ് ‘സ്‌പീക്ക് അപ്പി’ലൂടെ നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സാമ്പത്തികമോ കുടുംബപരമോ ആയ ഭയംമൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗാർഹിക പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ‘സ്‌പീക്ക് അപ്പ്’ മേധാവി അജിത ബീഗം അറിയിച്ചു.



