അധ്യാപക നിയമനത്തിൽ ക്രമക്കേടെന്ന് ആരോപണം; പി.എസ്.സി പരീക്ഷാ-നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ-നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണത്തിന് ഉത്തരവ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മുൻ എസ്.എഫ്.ഐ പ്രവർത്തകർക്ക് ഒന്നിച്ച് നിയമനം ലഭിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് ഐ.ജി അജീത ബീഗമായിരിക്കും കേസ് അന്വേഷിക്കുക. 2024-25 കാലയളവിലെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

സംസ്കൃത സർവകലാശാലയിലെ ഇടത് അധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയതെന്നും, ഇതിലൂടെ നിരവധി മുൻ വിദ്യാർത്ഥികൾക്ക് ഒന്നിച്ച് നിയമനം ലഭിച്ചെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം ജില്ലയിലെ മുൻ ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ ഒരു പി.എസ്.സി അംഗത്തിനും നിയമന ക്രമക്കേടിൽ പങ്കുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എസ്.എഫ്.ഐ നേതാക്കൾ കൂട്ടത്തോടെ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതും നിയമനം നേടിയതെന്നുമാണ് ആക്ഷേപം. സംഭവത്തിൽ സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെ കുഫോസിലെ 38 വിദ്യാർത്ഥികൾക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറായി നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ടും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപക നിയമനത്തിലും പരാതി ഉയർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button