പ്രിയദർശിനി ‘സീറോ’ ടിക്കറ്റിന് ഇനി ഭാഗ്യക്കുറി; സമ്മാന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും നൽകുന്ന ‘സീറോ’ ടിക്കറ്റുകൾക്ക് ഇനി കൂടുതൽ പ്രാധാന്യം ലഭിച്ചേക്കും. ടിക്കറ്റ് നമ്പറുകൾ നറുക്കിട്ട് സമ്മാനങ്ങൾ നൽകുന്ന പ്രത്യേക പദ്ധതി ഗതാഗത വകുപ്പ് ആലോചിക്കുന്നതായി സൂചന.
പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന വേളയിൽ ടിക്കറ്റുകൾ കളയാതെ സൂക്ഷിക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിർദേശിച്ചതിന് പിന്നിലും ഈ പദ്ധതിയാണെന്നാണ് വിവരം. സീറോ ടിക്കറ്റുകൾ വഴിയുള്ള സമ്മാന പദ്ധതി നടപ്പാക്കുന്നതോടെ യാത്രക്കാർ ടിക്കറ്റുകൾ കൈവശം സൂക്ഷിക്കാനും പദ്ധതിയോടുള്ള പങ്കാളിത്തം വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇതിനൊപ്പം, കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി ടിക്കറ്റുകളുടെ പിൻവശത്ത് പരസ്യങ്ങൾ അച്ചടിക്കാനും പദ്ധതി ആലോചിക്കുന്നുണ്ട്. പരസ്യദാതാക്കൾ തന്നെ സമ്മാന പദ്ധതിയുടെ സ്പോൺസർമാരാകുന്ന രീതിയിലാണ് പ്രാഥമിക ചർച്ചകൾ നടക്കുന്നത്. യാത്രക്കാർ ടിക്കറ്റുകൾ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ പരസ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന മാർക്കറ്റിംഗ് സാധ്യതയും ഇതിലൂടെ ലഭിക്കും.
ടിക്കറ്റുകളിൽ പരസ്യം ഉൾപ്പെടുത്തുന്നതിനായി ഉടൻ ടെൻഡർ ക്ഷണിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. കൂടുതൽ തുക ക്വോട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് കരാർ നൽകുമെന്നാണ് വിവരം.
സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സിയുടെ വിവിധ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ 3125 ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രാ സൗകര്യത്തോടൊപ്പം വരുമാന വർധനയ്ക്കുള്ള പുതിയ മാർഗങ്ങളും സർക്കാർ തേടുന്നതിന്റെ ഭാഗമായാണ് സീറോ ടിക്കറ്റ് സമ്മാന പദ്ധതിയും പരിഗണിക്കുന്നത്.



