500 വനിതാ ജീവനക്കാർക്ക് തുണയായി പ്രിയദർശിനി! കെഎസ്ആർടിസിക്ക് ബസ് സമ്മാനിച്ച് നവ്യ ബേക്ക്‌സ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ്യ ബേക്ക്‌സ് ആൻഡ് കൺഫെക്ഷനറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 40 ലക്ഷം രൂപ കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ കമ്പനി മാനേജിങ് ഡയറക്ടർ ബിജു ജോസഫ് ചക്കിയത്തിൽ നിന്നും ചെക്ക് സ്വീകരിച്ചു.

വ്യക്തികളും സ്ഥാപനങ്ങളും ജനപ്രതിനിധികളും ബസ് വാങ്ങിത്തന്ന് കെഎസ്ആർടിസിക്കൊപ്പം നിൽക്കുന്നതിൽ നന്ദിയുണ്ടെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ പറഞ്ഞു. അങ്കമാലിയിലെ തന്നെ ജോസ് എന്നയാളാണ് ആദ്യമായി വ്യക്തിപരമായി ഒരു ബസ് വാങ്ങി നൽകിയത്. അത് നല്ല കൈനീട്ടമായിരുന്നു. അതൊരു ട്രെൻഡായി മാറി. പിന്നീട് വ്യക്തികളും സഹകരണ സ്ഥാപനങ്ങളും ബസുകൾ വാങ്ങിത്തന്നു.

എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വാ​ഗ്ദാനം ചെയ്ത ബസുകളുടെ എണ്ണം നൂറിന് അടുത്തെത്തിയെന്നും മന്ത്രി വ്യക്തമാക്കി.കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ തന്റെ മണ്ഡലത്തിലെ ആളുകൾ മുൻകൈയെടുക്കുന്നതിൽ പ്രത്യേക സന്തോഷമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. സൗജന്യമായി ബസുകൾ വാങ്ങി നൽകുന്നത് സംബന്ധിച്ച ആശയം ​ഗതാ​ഗത മന്ത്രി മുന്നോട്ടുവെച്ചപ്പോൾ വ്യക്തികളും സ്ഥാപനങ്ങളും അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നത് വലിയൊരു കാര്യമാണ്.

ഇത് കെഎസ്ആർടിസിയുടെ വിശ്വാസ്യതയെയാണ് കാണിക്കുന്നത്. യുഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച പ്രിയദർശിനി പദ്ധതിക്കുള്ള അം​ഗീകാരം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.പ്രിയദർശിനി സൗജന്യയാത്ര വന്നതിന് ശേഷം വീടിനകത്ത് മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന പല സ്ത്രീകളും യാത്ര ചെയ്യാനായി പുറത്തിറങ്ങിയെന്നും അതാണ് കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങി നൽകുന്നതിന് തനിക്ക് പ്രേരണയായതെന്നും ബിജു ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 500-ലേറെ വനിതകൾ പ്രിയദർശിനി യാത്രയെയാണ് ആശ്രയിക്കുന്നത്. താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ തന്നെ സർവീസ് നടത്തണമെന്ന് ​ഗതാ​ഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, ബിജു ജോസഫിന്റെ കുടുംബാം​ഗങ്ങൾ തുടങ്ങിയവർ തുക കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button