രമ്യ ഹരിദാസിനെതിരെ കോൺഗ്രസിൽ പടയൊരുക്കം! മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കി

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ അച്ചടക്ക ലംഘനം ആരോപിച്ച് ചിറയൻകീഴിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കി. രമ്യ ഹരിദാസ് പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്ന് കിഴുവില്ലം, പൂന്തള്ളൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും വികസന പദ്ധതികൾ കൃത്യമായി സമർപ്പിക്കണമെന്നും യോഗങ്ങളിൽ ഉയർന്ന പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. ചിറയൻകീഴിൽ എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിൽ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് പ്രാദേശിക നേതൃത്വം രമ്യയ്ക്കെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
രമ്യ ഹരിദാസ് പാർട്ടിയിൽ അനാവശ്യമായ അസ്വസ്ഥതകൾ ഉണ്ടാക്കുകയാണെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രധാന ആരോപണം. എംഎൽഎ ഫണ്ടുമായി ബന്ധപ്പെട്ട് വരുന്ന അപേക്ഷകൾ പരിഗണിക്കാനോ പ്രൊപ്പോസലുകൾ സമർപ്പിക്കാനോ എംഎൽഎയോ ഓഫീസോ തയ്യാറാകുന്നില്ലെന്ന പരാതികളും ഉന്നയിക്കപ്പെടുന്നുണ്ട്. മണ്ഡലം കമ്മിറ്റികൾ പാസാക്കിയ പ്രമേയം കൂടുതൽ
അച്ചടക്ക നടപടികൾക്കായി കെപിസിസി നേതൃത്വത്തിന് കൈമാറും. നേരത്തെ ചിറയൻകീഴിൽ യൂത്ത് കോൺഗ്രസ് നേതാവുമായി എംഎൽഎ നടത്തിയ തർക്കം കയ്യാങ്കളിയിൽ കലാശിച്ചതിനെ തുടർന്ന് കെപിസിസി രമ്യ ഹരിദാസിന് താക്കീത് നൽകിയിരുന്നു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എം. ഹസൻ, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചെങ്കിലും ഭിന്നതകൾ രൂക്ഷമായി തന്നെ തുടരുകയാണ്.
ചിറയൻകീഴിലെ ഉൾപാർട്ടി തർക്കങ്ങളും കയ്യാങ്കളിയുമാണ് കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ പരാജയമുണ്ടാക്കിയതെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ രമ്യ ഹരിദാസിന്റെ മൂന്ന് പേഴ്സണൽ സ്റ്റാഫുകളിൽ രണ്ടുപേർ രാജി സമർപ്പിച്ചിരുന്നു. എംഎൽഎയുമായുള്ള കടുത്ത ഭിന്നതയാണ് രാജിക്ക് പിന്നിലെന്ന സൂചന പുറത്തുവരുന്നുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രമ്യ ഹരിദാസിന്റെ പ്രതികരണം.



