മൺസൂൺ മറയാക്കി വൈദ്യുതി പ്രതിസന്ധി? കെഎസ്ഇബിക്കെതിരെ സഭയിൽ സണ്ണി ജോസഫ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം മൺസൂൺ കുറഞ്ഞതാണെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണങ്ങൾ തുടരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ ചട്ടം 300 പ്രകാരം ഇന്ന് പ്രസ്‌താവന നടത്തും.

കെഎസ്ഇബി പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾപ്രകാരം നിലവിൽ ഡാമുകളിലെ വെള്ളത്തിന്റെ അളവ് 21.31 ശതമാനം മാത്രമാണ്. കഴിഞ്ഞവർഷം ഇതേസമയത്ത് 60.65 ശതമാനം ജലം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വർഷം ഇത്രയും കുറവുണ്ടായിരിക്കുന്നത്. മൺസൂൺ മഴ കുറഞ്ഞതാണ് ഡാമുകളിലെ ജലത്തിന്റെ അളവ് കുറയാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ വാദം. ഈ വാദവും സണ്ണി ജോസഫിന്റെ ഇന്നത്തെ പ്രസ്‌താവനയിൽ ഇടംപിടിക്കും.ഇത്തവണ മൺസൂൺ കുറയുമെന്ന കാര്യം കാലാവസ്ഥാവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുറത്തുനിന്ന് ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കഴിഞ്ഞദിവസം കെഎസ്ഇബിയ്‌ക്ക് അനുമതി നൽകിയിരുന്നു. സെപ്‌തംബർ ഒഴികെ ജൂലായ് മുതൽ ഡിസംബർവരെയുള്ള വൈദ്യുതി ഉയർന്ന വിലയ്‌ക്ക് വാങ്ങാമെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button