പ്രതിസന്ധി രാജ്യം അതിജീവിക്കും; ഊർജസംരക്ഷണവും ചെലവ് നിയന്ത്രണവും വീണ്ടും ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി മോദി

ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളോട് ചെലവ് നിയന്ത്രണവും ഊർജ്ജസംരക്ഷണവും ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നേരത്തെ മുന്നോട്ടുവച്ച ഏഴ് നിർദേശങ്ങൾ വീണ്ടും ആവർത്തിച്ചത്.
ഊർജ്ജ ഉപയോഗത്തിൽ എല്ലാവരും കൂടുതൽ കരുതൽ പുലർത്തണമെന്നും അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ നടക്കുന്നതെന്നും അതിന്റെ ആഘാതം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശയാത്രകൾ നിയന്ത്രിക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക, സ്വർണം വാങ്ങുന്നത് നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി വീണ്ടും മുന്നോട്ടുവച്ചത്.
അതേസമയം, നിലവിലെ പ്രതിസന്ധി ഇന്ത്യ അതിജീവിക്കുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ജനങ്ങളുടെ സഹകരണവും കൂട്ടുത്തരവാദിത്വവും ഉണ്ടെങ്കിൽ സാമ്പത്തിക വെല്ലുവിളികളെ രാജ്യം വിജയകരമായി മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.



