‘സൗജന്യ യാത്ര കെഎസ്ആർടിസിയെയും സ്വകാര്യ ബസുകളെയും തകർക്കും’; യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ അഖിൽ മാരാർ

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി അഖിൽ മാരാർ. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ബിഗ് ബോസ് മുൻ വിജയിയും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ പ്രതികരിച്ചത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കുന്നത് അപകടകരമാണെന്ന് അഖിൽ മാരാർ അഭിപ്രായപ്പെട്ടു. വ്യക്തമായ സാമ്പത്തിക പദ്ധതി ഇല്ലാതെ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുന്നത് പൊതുഗതാഗത മേഖലയെ തന്നെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ മുഴുവൻ കെഎസ്ആർടിസിയിലേക്ക് മാറുകയും പുരുഷ യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് അഖിലിന്റെ വിലയിരുത്തൽ. ഇതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗജന്യ യാത്ര നടപ്പാക്കിയാൽ വരുമാനമില്ലാത്ത സ്ഥാപനമായി കെഎസ്ആർടിസി മാറുമെന്നും, ഇതിനകം പ്രതിസന്ധിയിലായ സ്ഥാപനത്തിന് അത് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും അഖിൽ മാരാർ പറഞ്ഞു.
അതേസമയം, പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനത്തെയും അദ്ദേഹം വിമർശിച്ചു. നിലവിലെ 2000 രൂപ പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനങ്ങളെന്ന് അദ്ദേഹം ആരോപിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയാണെന്നും, ഗ്യാസ് വില വർധനയും തൊഴിലാളി ക്ഷാമവും മൂലം കേരളത്തിലെ നിർമാണ-ഹോട്ടൽ മേഖലകൾ തകർച്ച നേരിടുകയാണെന്നും അഖിൽ മാരാർ പറഞ്ഞു.
സൗജന്യങ്ങൾ പ്രഖ്യാപിച്ച് കടബാധ്യത വർധിപ്പിക്കുന്നതിനു പകരം കൂടുതൽ തൊഴിൽ അവസരങ്ങളും വികസന പദ്ധതികളും കൊണ്ടുവരണമെന്നും കേരളത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



