നിതിൻ രാജ് മരണക്കേസ്: പുതിയ അന്വേഷണസംഘം; ഡോ. റാമിനെ വിട്ടയച്ചതിൽ പൊലീസിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കാൻ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാൻ തീരുമാനം. എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം അന്വേഷണം നടത്തുക. നിലവിലെ അന്വേഷണസംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാനാണ് തീരുമാനം.

ഇതിനിടെ, കേസിലെ പ്രതിയായ ഡോ. റാമിനെ കോടതി വിട്ടയച്ച സംഭവത്തിൽ നിതിൻ രാജിന്റെ കുടുംബം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഡോ. റാമിനെ വിട്ടയച്ചത് പൊലീസുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് നിതിന്റെ സഹോദരി രാഖി ആരോപിച്ചത്.

“ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ജനങ്ങളെ ബോധിപ്പിക്കാനുള്ള അറസ്റ്റ് നാടകമായിരുന്നു അത്. സുപ്രീം കോടതി വരെ എത്തിയ കേസിൽ പ്രതിക്ക് അനുകൂല സാഹചര്യം ഒരുക്കിക്കൊടുത്തു. പ്രതിയുടെ കുടുംബാംഗങ്ങൾ വരെ അവിടെയുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയാണ് ഉണ്ടായത്. കേസിന്റെ പുരോഗതിയെക്കുറിച്ച് ചോദിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ട്. നീതി ലഭിക്കുമെന്നാണ് വിശ്വാസം,” രാഖി പറഞ്ഞു.

ഡോ. റാമിനെ കോടതി വിട്ടയച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നിരുന്നു. അറസ്റ്റ് രേഖാമൂലം പ്രതിയെ അറിയിക്കുന്നതിൽ വീഴ്‌ച സംഭവിച്ചതായും അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ യഥാസമയം അറിയിക്കാതിരുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘത്തിൽ സമഗ്രമായ മാറ്റം വരുത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button