നിതിൻരാജ് മരണക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി; ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം തേടി

തലശ്ശേരി: ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനോട് നേരിട്ട് ഹാജരാകാൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ സംഭവിച്ച ഗുരുതര വീഴ്ചയെക്കുറിച്ച് നേരിട്ട് വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദേശം. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നടപടി സ്വീകരിച്ചത്.

സംഭവം നടന്ന് 100 ദിവസങ്ങൾക്ക് ശേഷമാണ് കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ കുടകിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്നാൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ അറസ്റ്റ് നടപടികളിൽ സാങ്കേതിക പിഴവ് സംഭവിച്ചതായി കോടതി കണ്ടെത്തി. അറസ്റ്റ് ചെയ്യാനുള്ള കാരണം പ്രതിക്ക് മനസ്സിലാകുന്ന ഭാഷയിൽ രേഖാമൂലം അറിയിച്ചിരുന്നില്ലെന്ന കാരണത്താൽ പ്രതിയെ വിട്ടയക്കേണ്ടിവന്നു.

ഈ കേസിന്റെ അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് ഉണ്ടായ വീഴ്ചകൾ നേരത്തെ ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. കേസ് അലംഭാവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും പ്രതിയെ പിടികൂടുന്നതിന് പകരം സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിനുണ്ടായിരുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സെഷൻസ് കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button