വിവാഹത്തെ ചുറ്റിപ്പറ്റി പുതിയ വെളിപ്പെടുത്തൽ; സിയയെക്കുറിച്ച് സഹോദരൻ

പൂനെ: യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി സിയ ഗോയലിന്റെ സഹോദരൻ സഹിൽ ഗോയൽ. സിയ പലതവണ തന്നോട് കേതനെ വിവാഹം കഴിയ്ക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നാണ് സഹോദരന്റെ വെളിപ്പെടുത്തൽ. കാമുകൻ ചേതൻ ചൗധരിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് സിയ പറഞ്ഞിരുന്നതായും അതുകൊണ്ടാണ് കുടുംബത്തോട് താൻ ഇക്കാര്യം പറയാതിരുന്നതെന്നും സഹിൽ പറഞ്ഞു.
കേതനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നും ചേതനുമായി ഇനി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അവൾ എനിയ്ക്ക് ഉറപ്പുനൽകിയിരുന്നു. അതിനാലാണ് മാതാപിതാക്കളോട് ഒന്നും പറയാതിരുന്നത്.’ – സഹിൽ പറഞ്ഞു.എന്നാൽ സിയയ്ക്ക് കേതനുമായുള്ള വിവാഹത്തിന് താൽപ്പര്യമില്ലായിരുന്നുവെന്നും ഇക്കാര്യം സഹോദരനോട് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ സംശയം. സഹോദരന് സിയയുടെയും ചേതന്റെയും ബന്ധത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
സിയയും ചേതനും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേതനുമായുള്ള വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലും ഇരുവരും പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും കേതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകൾ, ഫോറൻസിക് പരിശോധനാഫലങ്ങൾ എന്നിവ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.



