തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു വരികയാണ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്. കൂടാതെ എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
നിലവിൽ ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരാനാണ് സാധ്യത. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതും ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.