മിൽമ പാൽവില വർധന പിൻവലിക്കണം; ശക്തമായ പ്രതിഷേധവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മിൽമ പാൽവില വർധിപ്പിച്ച തീരുമാനം സംസ്ഥാന സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സർക്കാർ സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. രാജ്യത്ത് തന്നെ ഉയർന്ന പണപ്പെരുപ്പം നേരിടുന്ന കേരളത്തിൽ പാലിന്റെ വില വീണ്ടും കൂട്ടിയത് സാധാരണ കുടുംബങ്ങളുടെ ദൈനംദിന ചെലവുകൾക്ക് കൂടുതൽ തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിന്റെ മുഴുവൻ ബാധ്യതയും ഉപഭോക്താക്കളുടെ മേൽ ചുമത്തുന്നത് ശരിയായ സമീപനമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉൽപാദനച്ചെലവ് കുറയ്ക്കാനും കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മുൻ എൽഡിഎഫ് സർക്കാരും സമാനമായ നയമാണ് പിന്തുടർന്നതെന്ന് ആരോപിച്ച രാജീവ് ചന്ദ്രശേഖർ, ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ബിജെപിയും എൻഡിഎയും കാഴ്ചക്കാരായി നിൽക്കില്ലെന്നും വ്യക്തമാക്കി.

പാൽവില വർധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിലക്കയറ്റ നടപടികൾക്ക് പകരം ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നയങ്ങളാണ് സർക്കാർ നടപ്പാക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button