മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. വടകര വള്ള്യാട് സ്വദേശി പുതിയോട്ടിൽ സാബിറാണ് മരിച്ചത്. കഴിഞ്ഞ ദിവസം സാബിറടക്കം മൂന്ന് പേരാണ് വിനോദയാത്രക്കായി ഗൂഡല്ലൂരിലേക്ക് പോയത്.
ഗൂഡല്ലൂരിലെ സൂചിമലയിൽ നിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആദ്യം കുത്തേൽക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേർക്ക് കുത്തേറ്റത്. പരുക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയിലെ നീഡില്‍ പോയ്ന്റിലാണ് സംഭവം ഉണ്ടായത്. പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിനം ആഘോഷിക്കാനാണ് കുറ്റ്യാടി സ്വദേശികളായ സംഘം ഇവിടെ എത്തിയത്.