തിരുവനന്തപുരം പളനി പോടന്നൂർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു; കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: തിരുവനന്തപുരം നോർത്തിൽ നിന്ന് പളനി വഴി പോടന്നൂരിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചതായി എംപി Kodikunnil Suresh അറിയിച്ചു. നിരന്തര ഇടപെടലുകളുടെയും റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും നടത്തിയ ആവശ്യങ്ങളുടെയും ഫലമായാണ് സർവീസ് യാഥാർഥ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള തീർത്ഥാടകരും യാത്രക്കാരും പളനിയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ നിലവിൽ അമൃത എക്സ്പ്രസ് മാത്രമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് ലഭ്യതയിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതേത്തുടർന്നാണ് പുതിയ സർവീസിനായി എംപി ഇടപെടൽ നടത്തിയത്.

കഴിഞ്ഞ മാസം ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. കോട്ടയം, കൊല്ലം സ്റ്റേഷനുകളിൽ ആവശ്യമായ മെയിന്റനൻസ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തിരുവനന്തപുരം നോർത്തിൽ നിന്ന് സർവീസ് ആരംഭിച്ച് അവിടെത്തന്നെ മെയിന്റനൻസ് നടത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. പ്ലാറ്റ്ഫോം ലഭ്യത പ്രശ്നങ്ങളെ തുടർന്ന് കോയമ്പത്തൂർ, ഈറോഡ് എന്നിവയ്ക്ക് പകരം പോടന്നൂർ/മേട്ടുപ്പാളയം സ്റ്റേഷനുകളിലേക്കാണ് സർവീസ് അനുവദിച്ചത്.

കേരളത്തിൽ നിന്ന് പളനിയിലേക്കുള്ള തീർത്ഥാടന യാത്രക്കും കോയമ്പത്തൂർ, ഈറോഡ് മേഖലകളിലേക്കുള്ള വ്യാപാര ആവശ്യങ്ങൾക്കുമായി പുനലൂർ–മധുര റൂട്ടിലൂടെ എൽ.എച്ച്.ബി കോച്ചുകളുള്ള ട്രെയിൻ സർവീസ് ആദ്യമായാണ് യാഥാർഥ്യമാകുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അതേസമയം, സർവീസിൽ കേരളത്തിലെ രണ്ട് സ്റ്റോപ്പുകൾ മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളതെന്ന് എംപി വിമർശിച്ചു. കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ചിറയിൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനായി റെയിൽവേ ബോർഡിലെയും ദക്ഷിണ റെയിൽവേയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകിയതായും എംപി അറിയിച്ചു. നിലവിൽ പ്രഖ്യാപിച്ച രണ്ട് സർവീസുകൾക്ക് ശേഷവും ട്രെയിൻ സർവീസ് സ്ഥിരമായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button