ദളപതിയുടെ വിശ്വസ്ത കാവൽക്കാരൻ മലയാളി; വിജയ് മുഖ്യമന്ത്രിയായപ്പോഴും ചർച്ചയായി നയിം മൂസ്സയുടെ സാന്നിധ്യം

മാഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേൽക്കുമ്പോൾ മയ്യഴിക്കാർക്കും അഭിമാന നിമിഷം. ഇളയ ദളപതിയുടെ ഏറ്റവും വിശ്വസ്തനായ അംഗരക്ഷകനായി വർഷങ്ങളായി ഒപ്പമുണ്ടായിരുന്നത് മയ്യഴി പെരിങ്ങാടി സ്വദേശി നയിം മൂസ്സയാണ്.

2000-ൽ “യൂറോപ്യൻ സെക്യൂരിറ്റീസ്” എന്ന സ്ഥാപനത്തിലൂടെയാണ് നയിം സുരക്ഷാരംഗത്തേക്ക് എത്തിയത്. പിന്നീട് അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരടക്കമുള്ള പ്രമുഖ താരങ്ങളുടെയും വിദേശ ഭരണത്തലവന്മാരുടെയും അംഗരക്ഷകനായി പ്രവർത്തിച്ചു.

2004-ൽ സഹോദരൻ നാജിസ് മൂസ്സക്കൊപ്പം “ജെന്റൂർ സെക്യൂരിറ്റി” എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചതോടെയാണ് നയിം കൂടുതൽ ശ്രദ്ധ നേടിയത്. ദുബായിൽ ഒരിക്കൽ വിജയ് എത്തിയപ്പോൾ സുരക്ഷാ ചുമതല ഈ സ്ഥാപനത്തിനായിരുന്നു. അന്നത്തെ പരിചയമാണ് പിന്നീട് വിജയിയും നയിം മൂസ്സയും തമ്മിലുള്ള വിശ്വസ്ത ബന്ധമായി മാറിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ജനക്കൂട്ടത്തിനിടയിൽ വിജയ്‌യെ അതീവ ജാഗ്രതയോടെ സംരക്ഷിക്കുന്ന നയിം മൂസ്സയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആരാധകർ എറിഞ്ഞ പൂമാലകൾ തടയുന്നതും പ്രചാരണ വാഹനത്തിനരികിൽ നിഴൽപോലെ നിന്നതും വേദികളിലേക്ക് വിജയ്‌യെ അനുഗമിച്ചതുമെല്ലാം ശ്രദ്ധേയമായി.

ഗൾഫ് രാജ്യങ്ങളിലെത്തുന്ന പ്രമുഖ താരങ്ങളുടെ സുരക്ഷാ ചുമതലകളുമായി “ജെന്റൂർ സെക്യൂരിറ്റി” ഇപ്പോഴും സജീവമാണ്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ നയിം മൂസ്സയ്ക്ക് ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

അതേസമയം, മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല ഇനി സംസ്ഥാന പോലീസിനായിരിക്കും. ഇതോടെ നയിം മൂസ്സയുടെ ഭാവി പങ്ക് എന്തായിരിക്കുമെന്ന ചർച്ചകളും സജീവമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button