‘ദില്ലി വിളി സർപ്രൈസ്’; മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി എം സുധീരൻ, “യുഡിഎഫിന്റെ കൂട്ടായ വിജയമാണിത്”

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ എന്നിവരോടൊപ്പം മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻനെയും ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.
തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിനെ “സർപ്രൈസ്” ആയിട്ടാണ് അറിഞ്ഞതെന്ന് വി എം സുധീരൻ പ്രതികരിച്ചു. ഹൈക്കമാൻഡ് ലീഡർഷിപ്പിനെ കാണണമെന്നാണ് അറിയിച്ചതെന്നും ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന്, “ടീം യുഡിഎഫ് നേടിയ വിജയമാണിത്” എന്നായിരുന്നു സുധീരന്റെ മറുപടി. എത്രയും പെട്ടെന്ന് കേരളത്തിന് മുഖ്യമന്ത്രി ഉണ്ടാകണമെന്നും ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്ത ഭരണമാണ് വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തിൽ വിശാലമായ കൂടിയാലോചനയ്ക്കാണ് ഹൈക്കമാൻഡ് തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും ഘടകകക്ഷികളുടെ നിലപാടും വിലയിരുത്തിയ ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് വിവരം.
ഇതിനിടെ, നിലവിലെ ചർച്ചകളിൽ കെ സി വേണുഗോപാൽക്കാണ് മുൻതൂക്കം ലഭിക്കുന്നതെന്ന റിപ്പോർട്ടുകൾ ശക്തമാണ്. അൻപതിലേറെ കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ കെസിക്കുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
രാഹുൽ ഗാന്ധി ഇന്ന് മല്ലികാർജുൻ ഖാർഗെയുമായും പ്രിയങ്ക ഗാന്ധിയുമായും ചർച്ച നടത്തി. സംസ്ഥാനത്തെ സാഹചര്യങ്ങളും മുസ്ലിം ലീഗിന്റെ നിലപാടും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചുവെന്നാണ് വിവരം.
അതേസമയം, തീരുമാനം വൈകുന്നത് ദേശീയതലത്തിലും കോൺഗ്രസിന് തിരിച്ചടിയാകുന്നുവെന്ന വിലയിരുത്തലുണ്ട്. ബുധനാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് നിലവിലെ സൂചന.



