ബാലചന്ദർ ചിത്രത്തിലൂടെ അരങ്ങേറ്റം; ചിരഞ്ജീവി ഹിറ്റുകളുടെ നിർമാതാവ് ജി.വി. നാരായണ റാവു അന്തരിച്ചു

തെലുങ്ക് സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി മുതിർന്ന നടനും നിർമാതാവുമായ ജി.വി. നാരായണ റാവു (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെയും വൻ വിജയ ചിത്രങ്ങളുടെ നിർമാണത്തിലൂടെയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രിയ കലാകാരന്റെ വേർപാട് സിനിമ ഇൻഡസ്ട്രിക്കും ആരാധകർക്കും വലിയ നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്.

സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അന്തൂലേനി കഥ’ എന്ന ചിത്രത്തിലൂടെ 1976-ലാണ് നാരായണ റാവു അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അരങ്ങേറ്റ ചിത്രത്തിലെ മികച്ച പ്രകടനത്തിന് തന്നെ അദ്ദേഹത്തിന് മികച്ച സഹനടനുള്ള നന്ദി പുരസ്‌കാരവും തേടിയെത്തി. തുടർന്ന് നൂറോളം സിനിമകളിലും നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച് അദ്ദേഹം തന്റെ തനിമ നിലനിർത്തി.

അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമാണ രംഗത്തും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അദ്ദേഹം നിർമിച്ച ‘ദേവാന്തകുടു’, ‘യമുഡികി മൊഗുഡൂ’ തുടങ്ങിയ സിനിമകൾ ബോക്സോഫിസിൽ വൻ വിജയങ്ങളായി മാറി. ഈ ചിത്രങ്ങൾ ചിരഞ്ജീവിയുടെ കരിയറിലെയും വഴിത്തിരിവുകളായിരുന്നു.

നാരായണ റാവുവിന്റെ വിയോഗത്തിൽ നടൻ ചിരഞ്ജീവി ഉൾപ്പെടെയുള്ള തെലുങ്ക് സിനിമാലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button