‘ചാം ചച്ച ചോം ചച്ച പോലെ’; എം.വി. ഗോവിന്ദനെതിരെ സിപിഎം ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻെതിരെ അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. പാർട്ടിയുടെ തോൽവിയും നേതൃത്വത്തിന്റെ നിലപാടുകളും ചർച്ചയായ യോഗത്തിൽ, ഗോവിന്ദന്റെ പത്രസമ്മേളനങ്ങളെ പരിഹസിച്ചും പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടും അംഗങ്ങൾ രംഗത്തെത്തി.

“ജയന്റെ സിനിമയിലെ ‘ചാം ചച്ച ചോം ചച്ച’ എന്ന പാട്ടുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം. അതെഴുതിയവനും പാടിയവനും കേട്ടവനും അർത്ഥം മനസിലാകാത്തതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ വിശദീകരണങ്ങളും,” എന്നായിരുന്നു യോഗത്തിൽ ഉയർന്ന പരിഹാസം.

തിരഞ്ഞെടുപ്പ് പരാജയത്തിന് അടൂർ മണ്ഡലത്തിലെ ചില സമുദായ നേതാക്കളുടെ ഇടപെടലുകളും കാരണമായതായി യോഗത്തിൽ ആരോപണം ഉയർന്നു. “എല്ലാ വോട്ടും എൽ.ഡി.എഫിന് ലഭിക്കുമെന്ന പേരിൽ ചിലർ പണം വാങ്ങിയതായി അന്വേഷിക്കണം” എന്ന ആവശ്യവും അംഗങ്ങൾ മുന്നോട്ടുവച്ചു.

അടൂരിലെ തോൽവിക്ക് പ്രധാന കാരണം ചിറ്റയം ഗോപകുമാർക്കെതിരായ നെഗറ്റീവ് വോട്ടാണെന്നും, സ്ഥാനാർത്ഥിയായ പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ അവതരിപ്പിച്ചതാണ് സിപിഐയുടെ ഏക സംഭാവനയെന്നും വിമർശനം ഉയർന്നു.

വൻ പരാജയത്തിന് ശേഷവും പിണറായി വിജയൻനെ പ്രതിപക്ഷ നേതാവാക്കിയത് അംഗീകരിക്കാനാകില്ലെന്നും, മാതൃകാപരമായി പദവി ഒഴിയേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

ഇതിനിടെ, ഡൽഹിയിൽ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ആരംഭിച്ചു. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വത്തോട് വിശദമായ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ തന്നെ പോളിറ്റ് ബ്യൂറോ നിർദേശം നൽകിയിരുന്നു.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പോളിറ്റ് ബ്യൂറോ യോഗത്തിൽ തന്നെ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കേന്ദ്രകമ്മിറ്റിയിലും വിഷയത്തിൽ ചർച്ച ശക്തമാകാനാണ് സാധ്യത.

എന്നാൽ, പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാനാവില്ലെന്ന നിലപാടാണ് എം.വി. ഗോവിന്ദൻ ആവർത്തിച്ചത്. പോളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോടെയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button