‘ലാലേട്ടൻ വന്നല്ലോ…’; ‘ദൃശ്യം 3’ റിലീസ് ആവേശത്തിൽ കവിതാ തിയറ്ററിൽ മോഹൻലാൽ

തിരുവനന്തപുരം: മോഹൻലാൽ നായകനായ ‘ദൃശ്യം 3’ റിലീസിനോടനുബന്ധിച്ച് തലസ്ഥാനത്തെ കവിതാ തിയറ്ററിൽ ആവേശം നിറഞ്ഞ നിമിഷങ്ങൾ. സിനിമ കാണാനെത്തിയ ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാൽ തിയറ്ററിൽ എത്തിയതോടെയാണ് ആഘോഷം ഇരട്ടിയായത്.
“ലാലേട്ടൻ വന്നല്ലോ…” എന്ന ആരാധകരുടെ ആരവങ്ങളോടെയാണ് താരത്തെ ആരാധകർ വരവേറ്റത്. വൻ സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു മോഹൻലാലിന്റെ വരവ്. താരത്തെ ഒരു നോക്ക് കാണാൻ നൂറുകണക്കിന് ആരാധകരാണ് തിയറ്റർ പരിസരത്ത് തടിച്ചുകൂടിയത്.
‘ദൃശ്യം’ സീരീസിന്റെ മൂന്നാം ഭാഗമായ ചിത്രം റിലീസിന് മുമ്പ് തന്നെ വലിയ പ്രതീക്ഷയായിരുന്നു ഉയർത്തിയത്. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ തന്നെ കുടുംബ പ്രേക്ഷകരെയും ത്രില്ലർ സിനിമാസ്വാദകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് സിനിമ എത്തിയിരിക്കുന്നതെന്നാണ് ആദ്യ പ്രതികരണങ്ങൾ.
മോഹൻലാലിനൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും തിയറ്ററിലെത്തിയതോടെ ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ തിയറ്ററുകളിലും പ്രത്യേക ഫാൻസ് ഷോകളും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.



