പൊലീസ് അഴിച്ചുപണിയിൽ വിവാദം കനക്കുന്നു; കേഡർ ചട്ടങ്ങൾ മറികടന്നെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്തെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും വിവാദം ശക്തമാകുന്നു. കേഡർ ചട്ടങ്ങൾ മറികടന്നാണ് ചില നിയമനങ്ങൾ നടത്തിയതെന്ന പരാതിയുമായി ഒരു വിഭാഗം ഐജി റാങ്ക് ഉദ്യോഗസ്ഥർ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയെ (ഡിജിപി) സമീപിച്ചു. ചില നിയമനങ്ങൾ സർവീസ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഐഎഎസ് തലപ്പത്ത് രണ്ട് ഘട്ടങ്ങളിലായി അഴിച്ചുപണി നടന്നിരുന്നു. മുഖ്യമന്ത്രി–ആഭ്യന്തരമന്ത്രി ചർച്ചകൾ നീണ്ടുപോയതിനെ തുടർന്നാണ് ഐപിഎസ് തലത്തിലുള്ള മാറ്റങ്ങൾ വൈകിയത്. എന്നാൽ ബുധനാഴ്ച രാത്രിയോടെ പുറത്തിറങ്ങിയ ആദ്യഘട്ട പൊലീസ് അഴിച്ചുപണിക്ക് പിന്നാലെ തന്നെ സേനയ്ക്കുള്ളിൽ അതൃപ്തി ഉയർന്നിരിക്കുകയാണ്.
കൊച്ചി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തസ്തികകൾ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ വഹിക്കേണ്ടവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന പരാതി. കൊച്ചി കമ്മീഷണറായി ഐജി റാങ്കിലുള്ള കാളിരാജ് മഹേഷ് കുമാറിനെ തുടർന്നും നിയമിച്ചപ്പോൾ, തിരുവനന്തപുരം കമ്മീഷണറായി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചതാണ് ഒരു വിഭാഗം ഐജിമാർ ചോദ്യം ചെയ്യുന്നത്. കൂടാതെ, ഉത്തരമേഖല ഐജി തസ്തികയിൽ പുതിയ നിയമനം നടത്താത്തതും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
ദക്ഷിണമേഖല ഐജിയായിരുന്ന സ്പർജൻ കുമാറിനെ മാറ്റിയെങ്കിലും, ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥർക്ക് അവസരം നൽകാത്തതും പരാതിയിൽ പരാമർശിക്കുന്നുണ്ട്. ഡിജിപിയുടെ ശുപാർശയിലില്ലാത്ത ചിലർക്ക് ജില്ലാ പൊലീസ് മേധാവി പദവി നൽകിയതും, ട്രാക്ക് റെക്കോർഡ് മോശമായ ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയമിച്ചതും സേനയ്ക്കുള്ളിൽ ചർച്ചയാകുകയാണ്. ഇതിന്റെ ഭാഗമായി ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥർക്ക് അവസരങ്ങൾ നഷ്ടമായെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം റൂറൽ, കോഴിക്കോട് റൂറൽ, വയനാട് ജില്ലകളിലെ എസ്‌പിമാർക്ക് ചുമതലയേറ്റ് നാല് മാസം തികയുന്നതിന് മുമ്പേ സ്ഥലംമാറ്റം നേരിടേണ്ടിവന്നു. പാലക്കാട്, കോട്ടയം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മാറ്റിയ ഉദ്യോഗസ്ഥർക്ക് ഇതുവരെ പുതിയ നിയമനം നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. സേനയ്ക്കുള്ളിലെ ഈ അതൃപ്തി ഡിജിപി ആഭ്യന്തര മന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്.
അതേസമയം, പുതിയ റേഞ്ചുകളിലേക്ക് നിയമനം ലഭിച്ച ചില ഡിഐജി റാങ്ക് ഉദ്യോഗസ്ഥരും സ്ഥലംമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തൃശൂരിൽ നിന്ന് കണ്ണൂർ റേഞ്ചിലേക്കും തിരുവനന്തപുരം സിറ്റി കമ്മീഷണർ സ്ഥാനത്ത് നിന്ന് തൃശൂർ റേഞ്ചിലേക്കും മാറ്റിയ ഡിഐജിമാരായ ടി. നാരായണനും കെ. കാർത്തിക്കും വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം സർക്കാർ പരിഗണിക്കുന്നതായാണ് വിവരം.
കാർത്തിക്കിന് തിരുവനന്തപുരത്ത് തന്നെ മറ്റൊരു ചുമതല നൽകാനുള്ള സാധ്യതകൾ പരിശോധിക്കുമ്പോൾ, കണ്ണൂർ റേഞ്ചിലേക്ക് ആരെ നിയമിക്കുമെന്ന കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലാണെന്നും ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ കുറവാണ് പ്രധാന വെല്ലുവിളിയെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, പൊലീസ് ഉപദേഷ്ടാവും ആഭ്യന്തര മന്ത്രിയും ചർച്ച ചെയ്ത് തയ്യാറാക്കിയ പട്ടികയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആക്ഷേപവും സേനയ്ക്കുള്ളിൽ ഉയരുന്നുണ്ട്. എന്നാൽ വിഷയത്തിൽ ആഭ്യന്തരമന്ത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



