24 വർഷം വൈകി വൈദ്യുതി കണക്ഷൻ പേരുമാറ്റം; കെഎസ്ഇബിക്കെതിരെ രൂക്ഷ വിമർശനം, 4.49 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിൽ 24 വർഷത്തിലേറെ കാലതാമസം വരുത്തിയതിന് കെഎസ്ഇബിക്കെതിരെ ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്റെ രൂക്ഷ വിമർശനം. എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ പലിശ സഹിതം തിരിച്ചുനൽകാനും ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
1998 മാർച്ച് 13ന് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാനും സിംഗിൾ ഫേസ് കണക്ഷൻ ത്രീഫേസാക്കാനുമായി റീത്ത പാലാരിവട്ടം സെക്ഷൻ ഓഫീസിൽ അപേക്ഷയും 9,200 രൂപ ഫീസും നൽകിയിരുന്നു. ത്രീഫേസ് കണക്ഷൻ ലഭിച്ചെങ്കിലും കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്ന നടപടി പൂർത്തിയാക്കിയില്ലെന്നാണ് പരാതി.
തുടർന്നുള്ള വർഷങ്ങളിൽ പലതവണ ഓഫീസിൽ ബന്ധപ്പെട്ടിട്ടും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടി നീണ്ടുപോയതായി പരാതിയിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയപ്പോഴും അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. അപേക്ഷയ്ക്കൊപ്പം നൽകിയ രേഖകളൊന്നും ഓഫീസിൽ ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു.
ഒടുവിൽ 2022 നവംബർ 3ന്, അപേക്ഷ നൽകിയതിന് 24 വർഷവും ഏഴ് മാസവും പിന്നിട്ട ശേഷമാണ് വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം റീത്തയുടെ പേരിലേക്ക് മാറ്റിയത്. ഇതിനിടെ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകിയ 3,000 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിരുന്നില്ല. പിന്നീട് തുക തിരികെ നൽകിയെങ്കിലും 50 രൂപ കുറച്ചാണ് മടക്കിനൽകിയതെന്നും പരാതിയുണ്ട്.
ഇതോടെയാണ് റീത്ത ഇലക്ട്രിസിറ്റി ഓംബുഡ്സ്മാനെ സമീപിച്ചത്. കേസിൽ കെഎസ്ഇബിയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ ഓംബുഡ്സ്മാൻ, ഉടമസ്ഥാവകാശം മാറ്റുന്നതിൽ ഉണ്ടായ 8,987 ദിവസത്തെ കാലതാമസത്തിന് പ്രതിദിനം 50 രൂപ വീതം കണക്കാക്കി 4,49,350 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
കൂടാതെ, സെക്യൂരിറ്റി ഡിപ്പോസിറ്റുമായി ബന്ധപ്പെട്ട നഷ്ടങ്ങൾക്ക് 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശ നൽകാനും മുൻഗണനാ സേവനത്തിന്റെ പേരിൽ ഈടാക്കിയ 4,700 രൂപ ബാങ്ക് പലിശ സഹിതം തിരികെ നൽകാനും നിർദേശിച്ചു.
സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കാനും ഓംബുഡ്സ്മാൻ നിർദേശിച്ചിട്ടുണ്ട്.



