ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന്; ജൂൺ 6ന് ജന്തർ മന്തറിൽ സമരം

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ വെർച്വൽ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ജൂൺ 6ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
പ്രകടനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. നീറ്റ്, സിബിഎസ്ഇ, സിയുഇടി, എസ്‌എസ്‌സി ജിഡി ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകളിൽ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചുവെന്നാണ് സംഘടനയുടെ ആരോപണം.
ഒരു കോടിയിലധികം വിദ്യാർത്ഥികൾ വിവിധ പരീക്ഷാ വിവാദങ്ങളുടെ പ്രത്യാഘാതം നേരിടുകയാണെന്നും ചിലർക്ക് ജീവൻ വരെ നഷ്ടമായിട്ടുണ്ടെന്നും അഭിജീത് ദീപ്‌കെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇത്രയും ഗുരുതരമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് എട്ട് ലക്ഷത്തിലധികം പേർ ഒപ്പുവെച്ചിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാൽ ഓൺലൈൻ പ്രതിഷേധത്തെ നേരിട്ടുള്ള ജനകീയ സമരമാക്കി മാറ്റാനുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകടനത്തിന് മുന്നോടിയായി വിമാനത്താവളത്തിൽ നിന്ന് അനുയായികൾക്കൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി തേടുമെന്നും അഭിജീത് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ പിന്തുണ നേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ ഈ പ്രതിഷേധ ആഹ്വാനം ഇതിനകം തന്നെ വിദ്യാർത്ഥി സമൂഹത്തിനിടയിലും ഓൺലൈൻ വേദികളിലും ചർച്ചയായിരിക്കുകയാണ്.



