കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കും; വിദേശ വിദ്യാർത്ഥികൾ പഠിക്കാനെത്തുന്ന കാലം വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ആഗോള വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ ഉന്നതപഠനത്തിനായി കേരളത്തിലെ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട സാഹചര്യം കുറയുമെന്നും, മറിച്ച് വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ തലമുറയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമിത ബുദ്ധി (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ കാലഘട്ടത്തിലാണ് ഇന്നത്തെ കുട്ടികൾ ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യനെക്കാൾ ബുദ്ധിശക്തിയുള്ള സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കപ്പെടുന്ന ഈ കാലത്ത് വിദ്യാഭ്യാസ രംഗത്തും പുതിയ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ അമ്മമാരുടെ പങ്ക് വളരെ വലുതാണെന്നും പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നിരവധി പെൺകുട്ടികൾ ലോകത്തെ പ്രമുഖ സർവകലാശാലകളിൽ പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിദ്യാഭ്യാസ പുരോഗതിക്കൊപ്പം യുവതലമുറയെ ബാധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെയും ശക്തമായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി നൽകിയത്. ലഹരി മാഫിയകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും, തെറ്റായ വഴിയിലേക്ക് പോകുന്ന കൂട്ടുകാരെ തിരികെ കൊണ്ടുവരാൻ വിദ്യാർത്ഥികൾ തന്നെ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കുട്ടികളുടെ പഠന പുരോഗതിയും കഴിവുകളും സംബന്ധിച്ച് അധ്യാപകരും രക്ഷിതാക്കളും പരസ്പരം ആശയവിനിമയം നടത്തണമെന്നും സ്കൂളും വീടും തമ്മിൽ മികച്ച സഹകരണം വളർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.2



